 റെയിൽവേ സ്റ്റേഷൻ വഴി കടത്താൻ ശ്രമം  24 കിലോ കഞ്ചാവുമായി നാലു പേർ അറസ്റ്റിൽ

Monday 08 December 2025 1:38 AM IST

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രോളി ബാഗിലാക്കി കടത്താൻ ശ്രമിച്ച 24 കിലോ കഞ്ചാവുമായി ഇടപാടുകാരടക്കം നാല് പേർ അറസ്റ്റിലായി. രണ്ടുപേർ മലയാളികളാണ്. പശ്ചിമബംഗാൾ ജലംഗി സീതാനഗർ സ്വദേശികളായ സിമിറുൾ ഹഖ് (21), പിയാറുൾ ഷേഖ് (35), പെരുമ്പാവൂർ വല്ലം റയോൺപുരം ചുള്ളി വീട്ടിൽ സിറിൽ സോജൻ (24), പെരുമ്പാവൂർ വെങ്ങോല കണ്ടത്തറ വീട്ടിൽ ലത്തീഫ് (42) എന്നിവരാണ് അറസ്റ്റിലായത്. സിറിലിന്റെ ആവശ്യപ്രകാരം സിമിറുളാണ് പശ്ചിമബംഗാളിൽ നിന്ന് കഞ്ചാവ് എത്തിച്ചത്. സൗത്ത് റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറുഭാഗത്ത് വച്ച് ട്രോളിബാഗ് കൈമാറുന്നത് ശ്രദ്ധയിൽപ്പെട്ട് റെയിൽവേ പൊലീസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

കഞ്ചാവ് കടത്തിന് സിമിറുകൾ നേരത്തെയും അറസ്റ്റിലായിട്ടുണ്ട്. സിറിൽ പെരുമ്പാവൂരിൽ ചായക്കട നടത്തുകയാണ്. കടയിലെ ജോലിക്കാരനാണ് പിയാറുൾ ഷേഖ്. ഓട്ടോ ഡ്രൈവറാണ് ലത്തീഫ്. സിറിൽ, പിയാറുൾ വഴി സിമിറുളിനെ ബന്ധപ്പെടുകയും കഞ്ചാവ് കടത്തിന് പദ്ധതിയിടുകയുമായിരുന്നു. രണ്ട് ട്രോളി ബാഗുകളിലും ഒരു ഹാൻഡ്ബാഗിലുമാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. സിമിറുൾ കൊൽക്കത്തയിൽ നിന്ന് കൊണ്ടുവന്ന മധുര പലഹാരങ്ങൾ വാങ്ങാൻ വന്നതാണെന്നാണ് സിറിൽ പൊലീസിനോട് പറഞ്ഞത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

ഒരു ട്രോളി ബാഗിൽ നിന്ന് 11.08 കിലോയും മറ്റൊന്നിൽ നിന്ന് 11.206 കിലോയും കഞ്ചാവ് കണ്ടെത്തി. ഹാൻഡ് ബാഗിന്റെ വിവിധ അറകളിൽ നിന്ന് 2 കിലോ കഞ്ചാവും കണ്ടെത്തി. വൻതുകയ്‌ക്ക് കഞ്ചാവ് മറിച്ചുവിൽക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

ബാബറി മസ്ജിദ് തർക്കപ്പെട്ട ദിവസമായിരുന്നതിനാൽ ഇന്നലെ അതീവ സുരക്ഷയിലായിരുന്നു റെയിൽവേ സ്റ്റേഷനും പരിസരവും. ബാഗുകളും മറ്റും സൂക്ഷ്മമായി പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് ട്രോളി ബാഗ് കൈമാറ്റം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

എറണാകുളം റെയിൽവേ എസ്.ഐ ഇ.കെ. അനിൽകുമാർ, എസ്.ഐ ഗിരീഷ് കുമാർ, എസ്.സി.പി.ഒ കെ.വി. ഡിനിൽ, ആർ. ഷഹേഷ് എന്നിവരും ആർ.പി.എഫ് അംഗങ്ങളായ എ.എസ്.ഐ ശ്രീകുമാർ, അജയ്‌ഘോഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.