ക്രിസ്മസ് വരവറിയിച്ച് നഗരത്തിൽ പൂൽക്കൂടുകളെത്തി
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങൾക്ക് നിറം പകരാൻ തലസ്ഥാന നഗരിയിൽ പുൽക്കൂടുകളുടെ വില്പനയുമായി ദമ്പതികളെത്തി.കഴിഞ്ഞ 8 വർഷമായി പാളയം എ.കെ.ജി ഭവനോട് ചേർന്നുള്ള നടപ്പാതയിൽ,ക്രിസ്മസിനോടനുബന്ധിച്ച് പൂൽക്കൂട് വിൽക്കുന്ന അജിത - അനിൽ ദമ്പതികളാണ് ഇത്തവണയും നേരത്തെയെത്തിയത്.
ചൂരൽ,പ്ലൈവുഡ്,പ്ലാസ്റ്റിക് തടി എന്നിവ കൊണ്ടുണ്ടാക്കിയ പുൽക്കൂടുകൾക്ക് പുറമെ വിവിധ വലിപ്പത്തിലുള്ള നക്ഷത്രങ്ങൾ,അലങ്കാര ബൾബുകൾ,ക്രിസ്മസ് ട്രീകൾ,ക്രിസ്മസ് പാപ്പാ,ക്രിസ്മസ് മണി,മറ്റു അലങ്കാര വസ്തുക്കൾ എന്നിവയും ഇവിടെയുണ്ട്.
കൊല്ലത്ത് നിന്നാണ് വില്പനയ്ക്കുള്ള കൂടുകളും മറ്റു സാധനങ്ങളും എത്തിക്കുന്നത്.കൂടുകൾ വൈക്കോൽ മേയാതെയാണ് എത്തിക്കുന്നത്. ഇവിടെയെത്തിച്ചശേഷം മറ്റൊരു കടയിൽക്കൊടുത്താണ് വൈക്കോൽ മേഞ്ഞ് കൂട് പൂർത്തിയാക്കുന്നത്. വലിപ്പത്തിനനുസരിച്ചാണ് വില.എ.കെ.ജി ഭവന് പിറകിലുള്ള വിവേകാനന്ദ നഗറിലാണ് ഇവരുടെ വീട്. അനിൽ സി.ഐ.ടി.യു തൊഴിലാളിയും അജിത വീട്ടമ്മയുമാണ്. മക്കൾ: അഭി,ശ്രുതി.
300 രൂപ മുതൽ 3000 വരെ
സാധാരണക്കാർക്കും താങ്ങാനാവും വിധത്തിലാണ് ഇവിടെ സാധനങ്ങളുടെ വില ക്രമീകരിച്ചിട്ടുള്ളത്. ചെറിയ പ്ലാസ്റ്റിക് തടിയിലുള്ള പുൽക്കൂടുകൾക്ക് 300 രൂപയാണ്. വെള്ളനിറം നൽകി വിവിധ ഡിസൈനിലാണ് കൂടുകൾ ചെയ്തിട്ടുള്ളത്.ചൂരലിന്റെ കൂടുകളാണ് കൂടുതലും.ഇവയുടെ വില 1300 മുതലാണ് തുടങ്ങുന്നത്. ഇവ എത്രകാലം വരെയും ചിതലരിക്കാതെ ഇരിക്കും. നക്ഷത്രങ്ങളിൽ ബൾബുകൾ പിടിപ്പിച്ചവയും അല്ലാത്തവയുമുണ്ട്. വിവിധ നിറങ്ങൾ നൽകിയാണ് അവയെ ആകർഷകമാക്കുന്നത്.