ലോക്‌സഭയിൽ ഇന്ന് വന്ദേമാതരം ചർച്ച, പ്രധാനമന്ത്രി പങ്കെടുക്കും

Monday 08 December 2025 12:50 AM IST

ന്യൂഡൽഹി: വന്ദേമാതരം ഗാനം അച്ചടിച്ചതിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് ലോക്‌സഭയിൽ പ്രത്യേക ചർച്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. നാളെ രാജ്യസഭയിലും ചർച്ച നടക്കും. ലോക്‌സഭയിൽ വന്ദേമാതരം ചർച്ചയ്‌ക്ക് പത്തു മണിക്കൂറാണ് നീക്കിവച്ചിട്ടുള്ളത്. ചോദ്യോത്തര വേളയ്‌ക്കും ശൂന്യവേളയ്‌ക്കും ശേഷം ഉച്ചയ്‌ക്ക് 12ന് മോദിയുടെ പ്രസംഗത്തോടെ ചർച്ചയ്‌ക്ക് തുടക്കമാകും. രാജ്നാഥ് സിംഗ് അടക്കം കേന്ദ്രമന്ത്രിമാരും എം.പിമാരും പ്രതിപക്ഷവും പങ്കെടുക്കും. കോൺഗ്രസിനു വേണ്ടി ഉപനേതാവ് ഗൗരവ് ഗൊഗോയ്, വയനാട് എം.പി പ്രിയങ്കാ ഗാന്ധി, ദീപേന്ദ്ര ഹൂഡ തുടങ്ങിയവർ സംസാരിക്കും. നാളെ രാജ്യസഭയിൽ നടക്കുന്ന ചർച്ചയ്‌ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടക്കമിടും.

വിമാന സർവീസ്

പ്രതിസന്ധി

ഇൻഡിഗോ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുകയും വൈകുകയും ചെയ്‌തതിനെ തുടർന്ന് രാജ്യമെമ്പാടും യാത്രക്കാർ അനുഭവിക്കുന്ന കഷ്ടപ്പാട് പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിക്കും. കേന്ദ്രസർക്കാർ കൊണ്ടുവന്ന വിശ്രമ ചട്ടം നടപ്പിലാക്കാതെ സർവീസ് റദ്ദാക്കി യാത്രക്കാരെ ബുദ്ധിമുട്ടിച്ച ഇൻഡിഗോയുടെ നടപടിക്ക് സർക്കാർ ഉത്തരം പറയണമെന്നാകും പ്രതിപക്ഷ നിലപാട്.

എസ്.ഐ.ആർ

ചർച്ച നാളെ

നാളെ മുതൽ ലോക്‌സഭയിൽ എസ്.ഐ.ആർ ചർച്ചയ്‌ക്ക് തുടക്കമാകും. ബീഹാറിലും പിന്നീട് കേരളം അടക്കം 12 സംസ്ഥാനങ്ങളിലും നടപ്പാക്കിയ എസ്.ഐ.ആറിൽ പ്രതിപക്ഷമുയർത്തിയ ആശങ്കകൾക്കിടയിലാണ് ചർച്ച. ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ ശീതകാല സമ്മേളനത്തിന്റെ ആദ്യ രണ്ടു ദിവസം പാർലമെന്റ് പ്രക്ഷുബ്ദമായിരുന്നു. തുടർന്നാണ് വന്ദേമാതരം ചർച്ച കഴിഞ്ഞ് എസ്.ഐ.ആർ പരിഗണിക്കാമെന്ന് സർക്കാർ നിലപാടെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചയിൽ പങ്കെടുത്തേക്കില്ല.

വന്ദേമാതരം 150

ബങ്കിം ചന്ദ്ര ചാറ്റർജി സംസ്‌കൃതത്തിൽ രചിച്ച വന്ദേമാതരം സ്വാതന്ത്ര്യ സമരസേനാനികളെ ആവേശം കൊള്ളിച്ച ഗാനമാണ്. ഗാനം ബംഗാ ദർശൻ എന്ന പ്രസിദ്ധീകരണത്തിൽ 1875 നവംബർ ഏഴിനാണ് ആദ്യമായി അച്ചടിച്ചത്. ഇതിന്റെ 150-ാം വാർഷികം ഇക്കഴിഞ്ഞ നവംബർ 7ന് കേന്ദ്രസർക്കാരിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചിരുന്നു.