ഡ്രൈ ഡേയിലും അനധികൃത ലഹരി വിപണി സജീവം
കുന്നത്തുകാൽ: ത്രിതല തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരള സർക്കാർ വിദേശ മദ്യ ഔട്‍ലെറ്റുകൾക്കും ബാറുകൾക്കും അവധി പ്രഖ്യാപിച്ചതോടെ തമിഴ്‌നാട് സർക്കാരും അതിർത്തി പ്രദേശങ്ങളിൽ ഡ്രൈഡേ പ്രഖ്യാപിച്ചിരുന്നു. ഇതിനോടനുബദ്ധിച്ച് അനധികൃത ലഹരി മാഫിയ സംഘങ്ങൾ സജീവമാകുന്നു. കഞ്ചാവിന്റെയും എം.ഡി.എം.എയുടെയും ചില്ലറ വില്പന സംഘവും ഗ്രാമീണ മേഖലയിൽ വ്യാപകമായിരിക്കുകയാണ്. തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ച് വാറ്റുചാരായവും സ്പിരിറ്റ് നേർപ്പിച്ചുണ്ടാക്കുന്ന വിദേശ മദ്യവും ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നുമുണ്ട്.
എക്സൈസിനും പൊലീസിനും വിവരങ്ങൾ അറിയാമെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല. കുന്നത്തുകാൽ പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ ചെറിയകൊല്ല,കാരക്കോണത്തിനു സമീപം പുല്ലംതേരി,കാരക്കോണം മെഡിക്കൽ കോളേജിന് പുറകുവശത്തുള്ള കണ്ടൻചിറ,തുറ്റിയോട്ടുകോണം,മേരിയാംകോട്,കൂനൻപന ജംഗ്ഷൻ,തവയത്തുകോണം,കൊല്ലയിൽ പഞ്ചായത്തിലെ ധനുവച്ചപുരം ഐ.ടി.ഐ ജംഗ്ഷൻ,പാർക്ക് ജംഗ്ഷൻ,നിരപ്പ് എന്നിവിടങ്ങളിൽ കച്ചവടം പൊടിപൊടിക്കുകയാണ്. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.