അമ്പലത്തറയിലും കല്ലിയൂരും സംഘർഷം അമ്പലത്തറയിൽ ലാത്തിച്ചാർജ്

Tuesday 09 December 2025 1:06 PM IST

നേമം:കൊട്ടിക്കലാശത്തിനിടെ അമ്പലത്തറയിലും കല്ലിയൂരും സംഘർഷം. അമ്പലത്തറയിൽ സി.പി.ഐ- എസ്.ഡി.പിഐ പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. പരസ്പരം ഏറ്റുമുട്ടിയവരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഒൻപതോളം പേർക്ക് പരിക്കേറ്റു.

ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. എസ്.ഡി.പി.ഐ പ്രവർത്തകർ സി.പി.ഐ തിരഞ്ഞെടുപ്പ് ഓഫീസിലേക്ക് ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് സി.പി.ഐ തിരിച്ചടിച്ചത്. സ്ഥാനാർത്ഥി ഗീതാകുമാരിക്കെതിരേയാണ് ആക്രമണമുണ്ടായതെന്ന് സി.പി.ഐ ആരോപിച്ചു. കല്ലും കമ്പും വലിച്ചെറിഞ്ഞു. ഇതിനെ സി.പി.ഐ പ്രവർത്തകർ പ്രതിരോധിച്ചതോടെ ഉന്തും തള്ളുമായി.

തുടർന്ന് പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഒരാളുടെ കണ്ണിന് ഗുരിതരമായി പരിക്കേറ്റു. ഇയാളെ കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സിറ്റി പൊലീസ് കമ്മിഷണർ അടക്കമുള്ളവരെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. സ്ഥലത്ത് വൻ പൊലീസ് സന്നാഹവുമുണ്ട്.

കല്ലിയൂരിൽ സി.പി.എം ബി.ജെ.പി പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. ബി.ജെ.പി പ്രവർത്തകനെ മർദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു സംഘർഷം. സംഭവത്തിൽ നേമം പൊലീസ് കേസെടുത്തു.