ഓപ്പറേഷൻ സിന്ദൂറിൽ പ്രകടമായത് കഴിവും അച്ചടക്കവും: രാജ്നാഥ് സിംഗ്
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ സായുധ സേനയ്ക്ക് 'കൂടുതൽ കാര്യങ്ങൾ' ചെയ്യാൻ കഴിയുമായിരുന്നെങ്കിലും ആത്മനിയന്ത്രണം പാലിച്ചെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യൻ സൈന്യത്തിന്റെ കഴിവും അച്ചടക്കവുമാണ് ഇതുവഴി പ്രകടമായതെന്നും രാജ്നാഥ് ചൂണ്ടിക്കാട്ടി.
ലഡാക്കിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ) പൂർത്തിയാക്കിയ 125 അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു രാജ്നാഥ്.
വിചാരിച്ചിരുന്നെങ്കിൽ പാക് ഭീകരർക്ക് ഇതിലും കൂടുതൽ ആഘാതം ഏൽപ്പിക്കാമായിരുന്നു. ധൈര്യവും ആത്മനിയന്ത്രണവും പാലിച്ച് അനിവാര്യമായ കാര്യങ്ങൾ മാത്രമാണ് സൈന്യം ചെയ്‌തത്. സ്ഥിതിഗതികൾ വഷളാകാത്ത വിധം ഭീകരരുടെ ഭീഷണികളെ നേരിടാൻ സേനയ്ക്ക് കഴിഞ്ഞു.
ഓപ്പറേഷൻ സമയത്ത് സായുധസേനകൾ, സിവിൽ ഭരണകൂടം, അതിർത്തി പ്രദേശങ്ങളിലെ പൗരന്മാർ എന്നിവർക്കിടയിലെ ഏകോപനം അവിശ്വസനീയമായിരുന്നു. സായുധസേനയ്ക്ക് പിന്തുണ നൽകിയ അതിർത്തി പ്രദേശങ്ങളിലെ എല്ലാ പൗരന്മാർക്കും രാജ്നാഥ് നന്ദി പറഞ്ഞു.
അതിർത്തിയിലെ ഗതാഗത സൗകര്യങ്ങളാണ് ഇത്രവലിയ സൈനിക നീക്കം സാധ്യമാക്കിയത്. അതിർത്തി പ്രദേശങ്ങളിലെ യാത്ര സുഗമമായതിനാൽ സൈനികോപകരണങ്ങൾ സമയത്ത് എത്തിക്കാൻ സാധിച്ചു. അത് ചരിത്ര വിജയത്തിലേക്കെത്തിച്ചു-അദ്ദേഹം പറഞ്ഞു.