ലിലിബെറ്റിന്റെ രാജയോഗം !
ലണ്ടൻ: ലിലിബെറ്റ്...അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ ഓമനപ്പേര്. ലണ്ടനിലെ പ്രശസ്തമായ ലെയ്ൻസ്ബറ ആഡംബര ഫൈവ് സ്റ്റാർ ഹോട്ടലിലെ രാജ്ഞിയുടെ പേരും ലിലിബെറ്റ് എന്നാണ്. ലെയ്ൻസ്ബറയുടെ ലിലിബെറ്റ് സൈബീരിയൻ ഇനത്തിലെ പൂച്ചയാണ്. ഒരു പക്ഷേ ലോകത്തെ ഏറ്റവും സമ്പന്നരായ പൂച്ചകളിൽ ഒരാൾ.
ജീവിക്കുന്നത് സ്വപ്നതുല്യമായ അത്യാഡംബരത്തിന് നടുവിൽ. കഴുത്തിൽ സ്വർണ കോളർ. ഉറക്കം പട്ടുപോലെ മിനുസമായ ലക്ഷ്വറി മെത്തയിലും സോഫയിലും. ഓടിക്കളിക്കാനായി ഒരു ഗ്രാൻഡ് പിയാനോയുണ്ട്. ലിലിബെറ്റിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഒരു 'ക്യാറ്റ് കമ്മിറ്റി" യഥാസമയം അവൾക്കൊപ്പമുണ്ട്.
സെലിബ്രിറ്റികളും രാജകുടുംബാംഗങ്ങളുമൊക്കെ താമസിക്കാറുള്ള ലെയ്ൻസ്ബറ ഹോട്ടലിലെ ഒരു മുറിയിൽ ഒരു രാത്രി തങ്ങാൻ കുറഞ്ഞത് 70,000ത്തോളം രൂപയാകും. പക്ഷേ, ലിലിബെറ്റിന്റെ താമസം ആഡംബര മുറിയിൽ ഫ്രീയാണ്. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഭക്ഷണമായ കാവിയറാണ് ലിലിബെറ്റിന്റെ ഭക്ഷണമെനുവിലെ മിന്നുംതാരം. ക്യാറ്റ് കമ്മിറ്റി പ്രത്യേകം തയ്യാറാക്കുന്ന ഭക്ഷണമാണ് ലിലിബെറ്റിന് ദിവസവും നൽകുക.
ഹോട്ടലിൽ പ്രധാന ഭക്ഷണശാല ഒഴികെ എല്ലായിടത്തും ചെല്ലാനുള്ള അനുവാദം ലിലിബെറ്റിനുണ്ട്. ഹോട്ടലിന്റെ ബ്രാൻഡ് അംബാസഡറായ ലിലിബെറ്റ്, ഹോട്ടലിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ നിറസാന്നിദ്ധ്യമാണ്. അതിഥികളെ സ്വീകരിക്കുന്നതും ലിലിബെറ്റിന്റെ ചുമതലയാണ്.
മനോഹരമായ നീണ്ട രോമങ്ങളോട് കൂടിയ ലിലിബെറ്റ് ഹോട്ടലിൽ എത്തുന്ന എല്ലാവരുടെയും പ്രിയങ്കരിയാണ്. ലിലിബെറ്റിന്റെ പേരിൽ ഒരു കോക്ക്‌ടെയിലും ഉണ്ട്.! ഫോട്ടോയ്ക്ക് പോസ് ചെയ്യാനും ലിലിബെറ്റിന് ഏറെ ഇഷ്ടമാണ്. 2019ൽ കുഞ്ഞായിരിക്കവെയാണ് കാരമൽ നിറത്തിലെ ലിലിബെറ്റ് ഹോട്ടൽ ഉടമകളുടെ കൈയ്യിലെത്തിയത്. അന്ന് മുതൽ അവിടുത്തെ രാജ്ഞിയാണ് ലിലിബെറ്റ്.