എക്സിന് പിഴ, പൊട്ടിത്തെറിച്ച് മസ്ക്
വാഷിംഗ്ടൺ: യൂറോപ്യൻ യൂണിയൻ (ഇ.യു) പിരിച്ചുവിടണമെന്ന് ടെസ്ല, സ്പേസ് എക്സ് സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. തന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിന് ഡിജിറ്റൽ ചട്ടലംഘനത്തിന്റെ പേരിൽ ഇ.യു 12 കോടി യൂറോ (12,53,64,00,000 രൂപ) പിഴ വിധിച്ച പിന്നാലെയാണ് മസ്കിന്റെ രോഷ പ്രകടനം. ' യൂറോപ്യൻ യൂണിയനെ പിരിച്ചുവിടുകയും പരമാധികാരം ഓരോ രാജ്യങ്ങൾക്കും തിരികെ നൽകുകയും വേണം. അതോടെ ആ രാജ്യങ്ങളിലെ സർക്കാരുകൾക്ക് അവരുടെ ജനങ്ങളെ മികച്ച രീതിയിൽ പ്രതിനിധീകരിക്കാൻ കഴിയും" - മസ്ക് എക്സിൽ കുറിച്ചു. യൂറോപ്പിനെ തനിക്ക് ഇഷ്ടമാണെന്നും എന്നാൽ ഇ.യു എന്ന ഉദ്യോഗസ്ഥ മേധാവിത്വത്തെ ഇഷ്ടമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വേരിഫൈഡ് അക്കൗണ്ടുകൾക്കായുള്ള 'ബ്ലൂ ചെക്ക്മാർക്ക്" മാനദണ്ഡങ്ങളിലും ഗവേഷകർക്ക് പൊതു ഡേറ്റയിലേക്ക് പ്രവേശനം അനുവദിക്കുന്നതിൽ പരാജയപ്പെട്ടതിലും എക്സിന്റെ ഭാഗത്ത് ചട്ടലംഘനങ്ങളുണ്ടെന്ന് കാട്ടിയാണ് ഇ.യു പിഴ ചുമത്തിയത്. യൂറോപ്യൻ കമ്മിഷന്റെ ഡിജിറ്റൽ സർവീസ് ആക്ട് (ഡി.എസ്.എ) പ്രകാരമാണ് നടപടി.
അക്കൗണ്ട് ഉടമയെ പറ്റി കൃത്യമായി പരിശോധിക്കാതെ, പണം കൊടുക്കുന്ന എല്ലാവർക്കും ബ്ലൂ ചെക്ക്മാർക്ക് നൽകുന്നെന്നും ഇത് തട്ടിപ്പുകൾക്ക് കാരണമാകുന്നെന്നും ഇ.യു ആരോപിച്ചു. എക്സ്, പരസ്യത്തിൽ സുതാര്യത പുലർത്തുന്നില്ലെന്നും ഇ.യു കുറ്റപ്പെടുത്തി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പിഴയ്ക്കെതിരെ രംഗത്തെത്തി. 27 രാജ്യങ്ങളാണ് ഇ.യുവിൽ അംഗങ്ങൾ.