കൂട്ടിൽ കയറിയ 19കാരനെ സിംഹം കടിച്ചുകൊന്നു
ബ്രസീലിയ: മൃഗശാലയിൽ സിംഹത്തിന്റെ കൂടിനുള്ളിലേക്ക് കടന്ന 19കാരന് ദാരുണാന്ത്യം. ബ്രസീലിലെ പരേയിബ സംസ്ഥാനത്തെ അറൂഡ കമാറാ സൂ-ബൊട്ടാണിക്കൽ പാർക്കിൽ നവംബർ 30നായിരുന്നു സംഭവം. ജെർസൻ ഡി മെലോ മചാഡോ ആണ് മരിച്ചത്. രാവിലെ തന്നെ മൃഗശാലയിലെത്തിയ മചാഡോ, 26 അടി നീളമുള്ള സുരക്ഷാ വേലിയിൽ കയറിയാണ് 'ലിയോണ" എന്ന പെൺ സിംഹത്തിന്റെ കൂടിനുള്ളിലേക്ക് കടന്നത്.
മചാഡോ ആക്രമിക്കപ്പെടുന്നതിന്റെ ഭീകര ദൃശ്യങ്ങൾ പുറത്തുവന്നു. മൃഗശാലയിലുണ്ടായിരുന്ന സന്ദർശകർ പകർത്തിയതാണിത്. വേലിയുടെ മുകളിലെത്തിയ മചാഡോ, കൂട്ടിനുള്ളിലുണ്ടായിരുന്ന മരത്തിലേക്ക് ചാടി. ഇതിനിടെ മചാഡോയെ സിംഹം കാണുകയും അത് മരത്തിന് താഴെ നിലയുറപ്പിക്കുകയും ചെയ്തു. മചാഡോ താഴേക്ക് ഇറങ്ങിയതോടെ സിംഹം ചാടിവീണു.
മചാഡോ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മൃഗശാല അധികൃതർ കൂടിനുള്ളിൽ പ്രവേശിച്ചപ്പോഴേക്കും മചാഡോയ്ക്ക് ജീവൻ നഷ്ടമായിരുന്നു. സംഭവമുണ്ടായ പിന്നാലെ മൃഗശാല അടച്ചു. അന്വേഷണം പൂർത്തിയായ ശേഷമേ സന്ദർശകരെ പ്രവേശിപ്പിക്കൂ.
അതേ സമയം, സിംഹങ്ങളെ ഇഷ്ടപ്പെട്ടിരുന്ന മചാഡോയ്ക്ക് അവയുടെ പരിശീലകൻ ആകണമെന്നായിരുന്നു ആഗ്രഹം. മചാഡോയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും പറയപ്പെടുന്നു.
ആഫ്രിക്കൻ വനാന്തരങ്ങളിൽ പോകാൻ ആഗ്രഹിച്ച മചാഡോയെ ഒരിക്കൽ ഒരു വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ചൈൽഡ് വെൽഫെയർ കൗൺസിലർ വെളിപ്പെടുത്തി. വിമാനം ആഫ്രിക്കയിലേക്ക് പോകുമെന്ന വിശ്വാസത്തിൽ മചാഡോ ലാൻഡിംഗ് ഗിയറിൽ ഒളിച്ചിരിക്കുകയായിരുന്നു.