ആയുധം താഴെവയ്‌ക്കാമെന്ന ഉറപ്പുമായി ഹമാസ്, പകരം ഇസ്രയേലിനോട് ആവശ്യപ്പെടുന്നത് ഒരു കാര്യം

Monday 08 December 2025 8:20 AM IST

ഗാസ സിറ്റി: വെടിനിർത്തലിന്റെ ഭാഗമായി തങ്ങൾ ആയുധം താഴെവയ്‌ക്കാമെന്ന വാഗ്‌ദാനവുമായി ഹമാസ്. സംഘടനയുടെ പോളിറ്റ്‌ബ്യൂറോ അംഗമായ ബാസെം നയീമാണ് ഇക്കാര്യം അറിയിച്ചത്. ഹമാസും ഇസ്രയേലും യുഎസ് മുൻകൈയിൽ രണ്ടാംഘട്ട പ്രധാന സമാധാന ചർച്ചകളിലേക്ക് കടക്കുന്നതിന് തൊട്ടുമുൻപാണ് ഹമാസിന്റെ നിർണായക പ്രഖ്യാപനം.

'കൂടുതൽ സംഘർഷങ്ങളും ഏറ്റുമുട്ടലുകളും സ്‌ഫോടനങ്ങളും ഒഴിവാക്കാൻ വളരെ സമഗ്രമായൊരു സമീപനത്തിന് ഞങ്ങൾ തയ്യാറാണ്.' നയീം ഖത്തർ തലസ്ഥാനമായ ദോഹയിൽ പറഞ്ഞു. 2023 ഒക്‌ടോബർ ഏഴിന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചത് പ്രതിരോധ പ്രവർത്തനമാണെന്ന് നയീം ന്യായീകരിച്ചു. ഹമാസ് നിയന്ത്രിത മേഖലകളിൽ നിന്ന് ഇസ്രയേൽ സേന പിന്മാറണം എന്നാണ് അവരുടെ ആവശ്യം.

അമേരിക്ക മുൻകൈയെടുത്ത് തയ്യാറാക്കിയ രണ്ടാംഘട്ട സമാധാന കരാറിൽ നിരവധി കാര്യങ്ങളിൽ വ്യക്തത വരാനുണ്ടെന്ന് ഹമാസ് മുതിർന്ന നേതാവ് ബാസെം നയീം പറഞ്ഞു. 'വെടിനിർത്തൽ കരാർ മേൽനോട്ടം വഹിക്കാനും ലംഘനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനും സംഘർഷങ്ങളെ തടയാനും അതിർത്തിക്കടുത്ത് ഐക്യരാഷ്‌ട്രസഭയുടെ സേനയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.' അദ്ദേഹം വ്യക്തമാക്കി.

ഈ മാസം അവസാനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കണ്ട് സമാധാന കരാറിന് അന്തിമരൂപം നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബാസിം നയീമിന്റെ പ്രതികരണവും വന്നത്. നയീമിന്റെ ആയുധം താഴെവയ്‌ക്കാമെന്ന പ്രസ്‌താവനയിൽ ഇസ്രയേൽ തൃപ്‌തരാണോ എന്ന് വ്യക്തമല്ല. പ്രതിരോധിക്കാനുള്ള അവകാശം തങ്ങൾക്ക് ഇപ്പോഴുമുണ്ടെന്നാണ് ഹമാസ് നിലപാട്.

പാലസ്‌തീന് സ്വാതന്ത്ര്യം നൽകുന്ന സമാധാന കരാറാണ് അമേരിക്ക തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ ബെഞ്ചമിൻ നെതന്യാഹു ഇക്കാര്യം തള്ളിക്കളഞ്ഞിട്ടുണ്ട്. പാലസ്‌തീൻ രാജ്യം നൽകുന്നത് ഹമാസിനുള്ള സമ്മാനമാകും എന്നാണ് നെതന്യാഹു കണക്കാക്കുന്നത്. ഗാസയിലെ യെല്ലോ ലെയ്‌ൻ ആണ് തങ്ങളുടെ പുതിയ അതിർത്തിയായി ഇസ്രയേൽ കണക്കാക്കിയിരിക്കുന്നത്. ഗാസ സിറ്റിയുടെ 53 ശതമാനത്തിലേറെ സ്ഥലങ്ങളിലും സ്വാധീനം ഇപ്പോൾ തങ്ങൾക്കാണെന്ന് ഇസ്രയേൽ സേന വ്യക്തമാക്കിയിട്ടുണ്ട്.