തായ്‌ലൻഡ്-കംബോഡിയ അതിർത്തിയിൽ വീണ്ടും സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്

Monday 08 December 2025 11:00 AM IST

ബാംങ്കോക്ക്: തായ്‌‌ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തിത്തർക്ക മേഖലയിൽ സംഘർഷം. വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെ തുടർന്നുണ്ടായ വെടിനിർത്തൽ കരാറിന് ഭീഷണിയാകുന്ന സ്ഥിതിയാണിത്. തർക്കത്തിലുള്ള അതിർത്തി ഗ്രാമത്തിന് സമീപമാണ് ഇരു രാജ്യങ്ങളും പരസ്പരം വെടിവച്ചതായി ആരോപിക്കുന്നത്.

ജൂലായിലായിരുന്നു ആദ്യമായി ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. അതിൽ 43 പേർ കൊല്ലപ്പെടുകയും മൂന്ന് ലക്ഷം പേർക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഡൊണാൾഡ് ട്രംപിന്റെയും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെയും നേതൃത്വത്തിൽ നടന്ന ചർച്ചകളിലൂടെയാണ് അന്ന് വെടിനിർത്തൽ നിലവിൽ വന്നത്. പിന്നീട് ഒക്ടോബറിൽ ക്വാലാലംപൂരിൽ ഇരു രാജ്യങ്ങളും വിപുലീകരിച്ച വെടിനിർത്തൽ കരാറിൽ ഒപ്പുവയ്ക്കുകയുമുണ്ടായി.

ആദ്യം കംബോഡിയൻ സൈനികരാണ് തായ്‌ലൻഡിലേക്ക് വെടിയുതിർത്തതെന്നാണ് തായ് സൈനിക വക്താവ് മേജർ ജനറൽ വിന്തായി സുവാരീ പറയുന്നത്. തായ് ഭാഗത്ത് ആളപായമില്ലെന്നും ഏകദേശം 10 മിനിട്ടോളം നീണ്ട വെടിവയ്പ്പിന് ശേഷം സ്ഥിതി ശാന്തമായെന്നും അദ്ദേഹം അറിയിച്ചു. 817 കിലോമീറ്റർ നീളമുള്ള അതിർത്തിയിലെ ചില പ്രദേശങ്ങളെ ചൊല്ലി ഇരു രാജ്യങ്ങളും തമ്മിൽ നൂറ്റാണ്ടിലധികമായി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.

തായ്‌ലൻഡിന്റെ ഭാഗത്തുനിന്നുണ്ടായ നടപടിയെ മനുഷ്യത്വരഹിതമായ ക്രൂര പ്രവൃത്തിയെന്ന് കംബോഡിയ ശക്തമായി അപലപിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ആസിയാൻ റൊട്ടേറ്റിംഗ് ചെയർ എന്ന നിലയിൽ മലേഷ്യൻ പ്രധാനമന്ത്രി എച്ച്ഇ അൻവർ ഇബ്രാഹിമിന്റെയും സാന്നിദ്ധ്യത്തിൽ 2025 ഒക്ടോബർ 26-ന് ഒപ്പുവച്ച സംയുക്ത പ്രഖ്യാപനത്തിന്റെ ഗുരുതരമായ ലംഘനമാണ് തായ് സൈന്യത്തിന്റെ നടപടിയെന്നും കംബോഡിയ വ്യക്തമാക്കി. അതിർത്തിയിൽ തായ്‌ലൻഡ് സൈനികർക്ക് കുഴിബോംബ് സ്ഫോടനത്തിൽ പരിക്കേറ്റതിനാലാണ് തായ്‌ലൻഡ് കരാറിൽ നിന്ന് പിന്മാറിയത്.