പതിനേഴുകാരിയെ പിതാവ് കനാലിൽ തള്ളിയിട്ടു; മരിച്ചെന്ന് കരുതിയ പെൺകുട്ടി രണ്ടു മാസത്തിനു ശേഷം തിരിച്ചെത്തി
ചണ്ഡീഗഡ്: സ്വന്തം അച്ഛൻ കനാലിലേക്ക് തള്ളിയിട്ട 17കാരി രണ്ട് മാസത്തിന് ശേഷം തിരിച്ചെത്തി. പഞ്ചാബിലെ ഫിറോസ്പുർ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട പെൺകുട്ടി അച്ഛനെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന അഭ്യർത്ഥനയുമായാണ് താൻ രക്ഷപ്പെട്ടതെങ്ങനെയെന്ന് വിവരിച്ചത്.
സെപ്തംബർ 29നാണ് സംഭവം നടന്നത്. സ്വഭാവം ശരിയല്ലെന്ന് സംശയിച്ച പിതാവ് സുർജിത് സിംഗ് ഭാര്യയുടെയും മൂന്ന് ഇളയ പെൺമക്കളുടെയും മുന്നിൽ വച്ചാണ് 17കാരിയെ കൈകൾ കയർ കൊണ്ട് കൂട്ടിക്കെട്ടി കനാലിലേക്ക് തള്ളിയിട്ടത്. സംഭവം പെൺകുട്ടിയുടെ പിതാവ് തന്നെ വീഡിയോയിൽ പകർത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. പെൺകുട്ടിയുടെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫിറോസ്പുർ സിറ്റി പൊലീസ് കൊലപാതകത്തിന് കേസെടുത്ത് പിതാവിനെ അറസ്റ്റു ചെയ്തു. ഇയാൾ ഇപ്പോൾ ജയിലിലാണ്.
'കനാലിലെ ശക്തമായ ഒഴുക്കിൽ കൈകളിലെ കെട്ടുകൾ അത്ഭുതകരമായി അഴിഞ്ഞുപോയി. ഒഴുകി നീങ്ങുന്നതിനിടെ വെള്ളത്തിലേക്ക് തള്ളി നിന്നിരുന്ന ഒരു ഇരുമ്പ് ദണ്ഡിൽ പിടികിട്ടി. ഇതിൽ പിടിച്ചു കരയിലേക്ക് നീന്തി. അതുവഴി പോയ മൂന്ന് പേരാണ് രക്ഷപ്പെടുത്തിയത്'. പെൺകുട്ടി പറഞ്ഞു. രണ്ട് മാസക്കാലം എവിടെ കഴിഞ്ഞെന്നോ ആരാണ് സഹായിച്ചതെന്നോ പെൺകുട്ടി വെളിപ്പെടുത്തിയിട്ടില്ല. താൻ അസുഖബാധിതയായിരുന്നുവെന്നും ചികിത്സയിലായിരുന്നെന്നും കുട്ടി പറഞ്ഞു. ഇളയ സഹോദരിമാരെ നോക്കാൻ മറ്റാരുമില്ലെന്ന് കരഞ്ഞുകൊണ്ട് പറഞ്ഞ പെൺകുട്ടി, തന്റെ പിതാവിനെ ജയിൽ മോചിതനാക്കണമെന്ന് അധികൃതരോട് അപേക്ഷിക്കുയും ചെയ്തിരുന്നു.
അമ്മയാണ് പിതാവിനെ പ്രകോപിപ്പിച്ചതെന്നും പെൺകുട്ടി ആരോപിച്ചു. ബന്ധുക്കളെ വിശ്വാസമില്ലാത്തതിനാൽ പൊലീസ് സംരക്ഷണം വേണമെന്നും കുട്ടി ആവശ്യപ്പെട്ടു. മൊഴിയുടെ അടിസ്ഥാനത്തിൽ കേസിന്റെ ഗതി തന്നെ മാറിയിരിക്കുകയാണ്. കൊലപാതക്കുറ്റത്തിൽ നിന്ന് വധശ്രമമായി കേസ് മാറ്റുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.