വീട്ടിൽ ബ്രെഡ് ഉണ്ടോ? അഞ്ച് മിനിട്ട് പോലും വേണ്ട, നല്ല കിടിലൻ മസാല  ബ്രെഡ്  ടോസ്റ്റ് ഉണ്ടാക്കാം

Monday 08 December 2025 2:25 PM IST

വെെകിട്ട് ചായയോടൊപ്പം എന്ത് ഉണ്ടാകുമെന്ന് ചിന്തിക്കുന്നവരാണ് മിക്കവരും. വളരെ എളുപ്പത്തിൽ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന പലഹാരമാണ് പലരും അന്വേഷിക്കുന്നത്. അങ്ങനെയെങ്കിൽ അതിന് പറ്റിയ പലഹാരമാണ് മസാല ബ്രെഡ് ടോസ്റ്റ്. വളരെ എളുപ്പത്തിൽ മിനിട്ടുകൾക്കുള്ളിൽ ഇത് തയ്യാറാക്കാം.

ആവശ്യമായ സാധനങ്ങൾ

  1. ബ്രെഡ് - ആറ് എണ്ണം
  2. പച്ച മുളക് - ഒന്ന്
  3. സവാള - ഒന്നര
  4. മല്ലിയില - ആവശ്യത്തിന്
  5. ഉപ്പ് - ആവശ്യത്തിന്
  6. മഞ്ഞൾപ്പൊടി - കാൽ ടേബിൾ സ്പൂൺ
  7. മുട്ട - മൂന്ന്
  8. പാൽ - മൂന്ന് ടേബിൾ സ്പൂൺ
  9. വെളുത്തുള്ളി - ഒരു അല്ലി
  10. ബട്ടർ

തയ്യാറാക്കുന്ന വിധം

ആദ്യം മിക്സി ജാറിലേക്ക് പച്ച മുളക്, സവാള, വെളുത്തുള്ളി, മല്ലിയില, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് അരച്ചെടുക്കുക. ഇതിലേക്ക് മുട്ട,​ പാൽ,​ ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യണം. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് ബട്ടർ ഇടുക. അത് ചൂടായി വരുമ്പോൾ ബ്രെഡിൽ നേരത്തെ അടിച്ചുവച്ച മിശ്രിതം സ്പൂൺ ഉപയോഗിച്ച് പുരട്ടി ടോസ്റ്റ് ചെയ്ത് എടുക്കാം. ബ്രെഡിന്റെ നിറം മാറുമ്പോൾ തിരിച്ചിട്ട് വീണ്ടും ചൂടാക്കിയ ശേഷം എടുക്കാം. നല്ല കിടിലൻ മസാല ബ്രെഡ് ടോസ്റ്റ് റെഡി.