മലയാളികൾക്ക് ഏറെ പ്രിയങ്കരം, ഈ സാധനങ്ങൾ വാങ്ങിക്കഴിക്കുമ്പോൾ സൂക്ഷിക്കണം; ക്യാൻസർ പിന്നാലെ വരും
കരിയറിന്റെ പിന്നാലെയുള്ള നെട്ടോട്ടത്തിനിടയിൽ ഭക്ഷണം പാകം ചെയ്ത് കഴിക്കാനൊന്നും മിക്കവർക്കും സമയമില്ല. അതിനാൽത്തന്നെ ഭക്ഷണം സ്വിഗ്ഗിയും സൊമാറ്റോയും പോലുള്ള ഓൺലൈൻ ഡെലിവറി ആപ്പുകളിൽ ഓർഡർ ചെയ്യുകയാണ് പലരും ചെയ്യുന്നത്. പാക്കറ്റിൽ കിട്ടുന്ന ലഘുഭക്ഷണത്തെ ആശ്രയിക്കുന്നവരും കുറവല്ല.
കണക്കുകൾ പ്രകാരം അറുപത് ശതമാനത്തിലധികം ആളുകൾ ദിവസവും റെഡി ടു ഈറ്റ് ലഘുഭക്ഷണങ്ങൾ കഴിക്കുന്നു. ചെറിയ കണ്ടെയിനറുകളിലോ ഫ്രിഡ്ജിലോ ഒക്കെ സൂക്ഷിക്കുന്ന ഇത്തരത്തിലുള്ള ലഘുഭക്ഷണ പാക്കറ്റുകളിൽ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നതെന്ന കാര്യത്തിൽ നിങ്ങൾക്ക് വല്ല ധാരണയും ഉണ്ടോ?
പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങളിൽ എന്താണുള്ളത്?
റെഡി ടു ഈറ്റ് ലഘുഭക്ഷണങ്ങളുടെ ആവശ്യകതയിൽ വമ്പൻ കുതിച്ചുചാട്ടമാണ് രാജ്യത്തുണ്ടായിരിക്കുന്നത്. പായ്ക്ക് ചെയ്ത എല്ലാ ഭക്ഷണങ്ങളിലും ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ഉണ്ടെന്ന് പറയാനാകില്ല. പാക്കറ്റിലെത്തുന്ന ലഘുഭക്ഷണങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചേരുവകളാണ് പായ്ക്ക് ചെയ്ത ലഘുഭക്ഷണം എത്രത്തോളം ആരോഗ്യകരമാണെന്ന് നിർണയിക്കുന്നത്. റെഡി ടു കുക്ക് ലഘുഭക്ഷണങ്ങളിൽ ഭൂരിഭാഗവും അൾട്രാപ്രോസസ്ഡ് ഭക്ഷണ വിഭാഗത്തിൽപ്പെടുന്നു.
ഇവയിൽ ഉയർന്ന അളവിൽ സോഡിയവും പ്രിസർവേറ്റീവുകളും (അതായത് ഉപ്പ്, നൈട്രേറ്റുകൾ, മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (MSG)) എന്നിവ അടങ്ങിയിരിക്കുന്നു. ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയും കൊഴുപ്പുമാണ് മറ്റൊന്ന്. സംസ്‌കരിച്ച ഭക്ഷണങ്ങളിൽ പോഷകമൂല്യം താരതമ്യേന കുറവായിരിക്കും. പ്രോട്ടീനും കുറവായിരിക്കും. ഇത്തരം ഭക്ഷണം കഴിക്കുമ്പോൾ പെട്ടെന്നുതന്നെ വയർ നിറഞ്ഞെന്ന തോന്നൽ വരുന്നു. കൃത്രിമ നിറങ്ങൾ, രുചി ബൂസ്റ്ററുകളുമൊക്കെയാണ് മറ്റ് വില്ലന്മാർ.
കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ
പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഉയർന്ന സോഡിയം, അമിതമായ പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ പോഷകങ്ങളുടെ അളവ് ക്രമാതീതമായി കുറയ്ക്കും. നഗരത്തിൽ താമസിക്കുന്ന കുടുംബങ്ങൾ, വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ എന്നിവരാണ് കൂടുതലായി അൾട്രാപ്രോസസ്ഡ് ഫുഡ് ഉപയോഗിക്കുന്നത്. ഇത്തരം ഭക്ഷണങ്ങളുടെ ദീർഘകാല ഉപഭോഗം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
അമിതവണ്ണം
കൂടിയ അളവിൽ കലോറിയുള്ള, എണ്ണയിൽ പൊരിച്ചതും മധുരമുള്ളതുമായ ആഹാരങ്ങളൊക്കെ അമിതവണ്ണത്തിന് കാരണമാകുന്നു. ഇത്തരത്തിൽ പ്രോസസ്ഡായ ഭക്ഷണങ്ങൾ ദഹനത്തെയും ബാധിക്കും. ഹൃദ്രോഗം
പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങളുടെ ലേബൽ വിശദമായി പരിശോധിക്കണം. ഉയർന്ന അളവിൽ ഉപ്പിന്റെ സാന്നിദ്ധ്യം ഇതിലടങ്ങിയിരിക്കുന്നു. കൂടുതൽ കൊഴുപ്പും മറ്റും ശരീരത്തിലെത്തുന്നത് ഹൃദ്രോഗത്തിനുള്ള സാദ്ധ്യത വർദ്ധിക്കും.
ഹൈപ്പർ ടെൻഷൻ
ലഘുഭക്ഷണ പാക്കറ്റുകളിൽ വളരെ ഉയർന്ന അളവിൽ സോഡിയം അടങ്ങിയിരിക്കുന്നു. അതായത് 1500 മില്ലിഗ്രാമിൽ കുറവായിരിക്കണം സോഡിയം. എന്നാൽ ഒന്നിലധികം പ്രോസസ്ഡ് ലഘുഭക്ഷണങ്ങൾ ഒരേസമയം കഴിക്കുമ്പോൾ ഈ അളവ് തെറ്റും. ഇതാണ് ഹൃദ്രോഗത്തിലേക്കും ഹൈപ്പർ ടെൻഷനിലേക്കുമൊക്കെ നയിക്കുന്നത്.
പ്രമേഹം
സംസ്‌കരിച്ച ലഘുഭക്ഷണങ്ങൾ പതിവായി കഴിക്കുമ്പോൾ പ്രമേഹ സാദ്ധ്യത (ശരീരത്തിന് ഇൻസുലിൻ ശരിയായി ഉത്പാദിപ്പിക്കാൻ കഴിയാത്ത ആരോഗ്യ അവസ്ഥ) കൂടുതലായിരിക്കും. ലഘുഭക്ഷണ പാക്കറ്റുകളിൽ സംസ്‌കരിച്ച കാർബോഹൈഡ്രേറ്റുകളുടെയും മറഞ്ഞിരിക്കുന്ന പഞ്ചസാരയുടെയും സാന്നിദ്ധ്യമാണ് ഇതിനുകാരണം.
ദഹന പ്രശ്നങ്ങൾ
സംസ്‌കരിച്ച ലഘുഭക്ഷണങ്ങളിൽ നാരുകളുടെ അളവ് വളരെ കുറവാണ്. കൂടാതെ പ്രിസർവേറ്റീവുകൾ ഇത്തരം ഭക്ഷണങ്ങളുടെ ഷെൽഫ് ലൈഫ് വർദ്ധിപ്പിക്കും. ഇത് കുടലിലെ നല്ല ബാക്ടീരിയകളെ ദോഷകരമായി ബാധിക്കും. ഇത് കുടലിന്റെ പ്രവർത്തനത്തെയും ദഹനത്തെയും വളരെ മോശമായി ബാധിക്കും.
കാൻസർ
വിപണിയിലുള്ള സംസ്‌കരിച്ച മാംസാഹാരങ്ങളും, റെഡിടു ഈറ്റ് മാംസങ്ങൾ, സോസേജുകൾ പോലുള്ളവ ചിലതരം അർബുദങ്ങൾ വരാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു.