'ദുബായിയുടെ മറ്റൊരു സൈഡ് കൂടി പറയണമെന്ന് ഞാൻ വിചാരിച്ചു'; പ്രവാസ ജീവിതത്തെപ്പറ്റി ശ്രുതി രജനീകാന്ത്
മിനിസ്‌ക്രീനിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശ്രുതി രജനീകാന്ത്. ദുബായിലാണ് നടിയിപ്പോൾ ജോലി ചെയ്യുന്നത്. യൂട്യൂബിലൂടെ തന്റെ വിശേഷങ്ങളെല്ലാം അവർ തുറന്നുപറയാറുണ്ട്. ദുബായ് എന്തുകൊണ്ടാണ് ഏവർക്കും പ്രിയങ്കരമെന്ന് വെളപ്പെടുത്തുകയാണ് നടിയിപ്പോൾ.
'ദുബായിയുടെ മറ്റൊരു സൈഡ് കൂടി പറയണമെന്ന് ഞാൻ വിചാരിച്ചു. ദുബായിയുടെ പ്രാക്ടിക്കൽ സൈഡ് മുമ്പ് പറഞ്ഞിരുന്നു. ഇനി ഇമോഷണൽ സൈഡ് പറയുകയാണെങ്കിൽ, നമ്മൾ കുറേ പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതെല്ലാം തരണം ചെയ്താണ് ഇവിടെ നിൽക്കുന്നത്. പക്ഷേ ഇത്രയൊക്കെയായിട്ടും എന്തുകൊണ്ട് ദുബായ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
നാൽപ്പത്തിയൊന്ന് വർഷങ്ങളായി പ്രവാസികളായി നിൽക്കുന്നവരുണ്ട്. അതിന്റെ കാര്യമെന്താണെന്നുവച്ചാൽ ഇവിടത്തെ ആളുകളാണ്. പലയിടത്തുനിന്നും വരുന്നവരുണ്ട്. പക്ഷേ നമ്മൾ വെളിയിൽ പോയിക്കഴിഞ്ഞാൽ ചെറിയവരാണെങ്കിലും വലിയവരാണെങ്കിലും നമ്മളോട് കഴിച്ചായിരുന്നോ എന്ന് ചോദിക്കും. ചായയാണെങ്കിൽ വാങ്ങിത്തരും. റാൻഡം ആയി വന്ന് സഹായിക്കും. ഒരു ഹ്യുമാനിറ്റി നമുക്ക് ഫീൽ ചെയ്യും. ആ ഒരു സ്‌നേഹത്തിന്റെ പേരിലാണ് എല്ലാവരും ഇവിടെ പ്രിഫർ ചെയ്യുന്നത്. നമുക്ക് ആരൊക്കെയോ ഉള്ളതുപോലെ തോന്നും. നമുക്ക് ഇവിടെ എന്തെങ്കിലും വന്നാൽ ഇവിടെയുള്ളവരേ ഓടിവരാനുള്ളൂവെന്ന തിരിച്ചറിവാണ് ഇതിന് കാരണം. വീട്ടുകാരുണ്ട്. പക്ഷേ അവിടെനിന്ന് അവർ വിസയൊക്കെയെടുത്ത് ഓടിവരുമ്പോഴേക്ക് കാര്യം കഴിഞ്ഞിട്ടുണ്ടാകും. ആ സാഹോദര്യം ഇവിടെ കാണാനാകും.'- ശ്രുതി പറഞ്ഞു.