കോടിമത നാലുവരിപ്പാതയിൽ അപകടം പതിവ്; ചോരപ്പാട് ഉണങ്ങാതെ,​ പൊലിയുന്നു ജീവനുകൾ

Tuesday 09 December 2025 1:32 AM IST

കോട്ടയം : ഏത് നിമിഷവും അപകടം സംഭവിക്കാം...കോടിമത നാലുവരിപ്പാതയിലെ നിലവിലെ അവസ്ഥ ഇതാണ്. പലവട്ടം ചോരക്കളമായി. മണിപ്പുഴ ഭാഗത്തു നിന്നുമെത്തുന്ന വാഹനങ്ങൾ റോഡിന്റെ സൗകര്യം വർദ്ധിക്കുന്നതോടെ വേഗം കൂട്ടും. ഈ സമയം വശങ്ങളിൽ നിന്നും മീഡിയനുകളുടെ മദ്ധ്യത്തിൽ നിന്നും വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയേറും. ഈ വാഹനങ്ങൾ വേഗത്തിൽ വന്ന് ഇടുങ്ങിയ പാലത്തിലേക്ക് കയറുമ്പോഴും അപകടങ്ങൾ ഉണ്ടാകാറുണ്ട്. രണ്ടാം പാലം പൂർത്തിയാകുന്നതോടെ ഈ ഭാഗത്തെ അപകടങ്ങൾ കുറയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. നാലുവരിപ്പാതയുടെ മദ്ധ്യഭാഗത്തെ ഇടനാഴിയാണ് മറ്റൊരു മരണക്കെണി. രണ്ടര മൂന്നു കിലോമീറ്റർ മാത്രം ദൂരമുള്ള ഡിവൈഡറിന്റെ മദ്ധ്യഭാഗത്താണ് അനാവശ്യമായി ഇത് നിർമ്മിച്ചിരിക്കുന്നത്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. നിയന്ത്രണം വിട്ടെത്തുന്ന വാഹനങ്ങൾ മീഡിയനിലേക്ക് ഇടിച്ചു കയറുന്നതും പതിവാണ്. അടുത്തകാലത്താണ് റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ കാട് വെട്ടിത്തെളിച്ചത്.

സോളാർ ലൈറ്റുകൾ മിഴിയടച്ചു

റോഡിൽ വേഗ നിയന്ത്രണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങൾ ചീറിപ്പായുകയാണ്. സോളാർ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നോക്കുക്കുത്തിയാണ്. രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തതും അപകടകാരണമാണ്. സോളാർ തൂണുകൾ ഉൾപ്പെടെ തുരുമ്പുപിടിച്ച നിലയിലാണ്. ചിലതാകട്ടെ വാഹനങ്ങൾ ഇടിച്ച് തകർന്നു. ബാറ്ററികൾ മോഷണം പോയ സംഭവങ്ങളുമുണ്ട്. ആദ്യകാലങ്ങളിൽ ലൈറ്റുകൾ തെളിഞ്ഞെങ്കിലും പിന്നീട് മിഴിയടച്ചു. അപകടങ്ങൾ തുടർക്കഥയായതോടെ മീഡിയനിൽ പുതിയ ലൈറ്റുകൾ സ്ഥാപിക്കൽ ആരംഭിച്ചെങ്കിലും തുടർനടപടികൾ ഇഴയുകയാണ്.

അപകടകാരണം പലത് ഉറക്കമിളച്ച് വാഹനമോടിക്കുന്നത് മത്സരയോട്ടം, ഓവർടേക്കിംഗ് ഡിംലൈറ്റ് ഉപയോഗിക്കാത്തത്

രാത്രിയിലെ വെളിച്ചക്കുറവ്

 പൊലീസ് പരിശോധനയില്ല

''കോടിമത നാലുവരിപ്പാതയിലെ നവീകരണ പ്രവർത്തനങ്ങൾ എത്രയും വേഗം നടത്തി, ലൈറ്റുകൾ തെളിയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. അപകടങ്ങൾ നിത്യസംഭവമായിട്ടും അധികൃതർ നിസംഗത പുലർത്തുകയാണ്.

( യാത്രക്കാർ)