വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചതായി പരാതി
കുറ്റ്യാടി: പത്താംക്ലാസ് വിദ്യാർത്ഥികൾ ഒൻപതാംക്ലാസ് വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആവോലം കൂടച്ചോംവീട്ടിൽ കെ.വി ഷാരോണി (15)നെ സാരമായപരിക്കുകളോടെ നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. രണ്ട് വിദ്യാർത്ഥികൾ ചേർന്ന് ഷാരോണിനെ ഗ്രൗണ്ടിൽ നിന്ന് ക്ലാസ്‌മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി ആറംഗ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. ചെവിക്ക് ചവിട്ടുകയും തലയ്ക്ക് റിംഗ് ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കും ചെയ്തെന്നാണ് പരാതി. തലയ്ക്ക് മുറിവേറ്റതിനെത്തുടർന്ന് രണ്ടുസ്ഥലത്ത് സ്റ്റിച്ചിട്ടിട്ടുണ്ട്. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ ഓണഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ വിദ്യാർത്ഥികൾ ഡ്രസ് കോഡ് ഇട്ടതിനെത്തുടർന്ന് ഷാരോണിനു നേരേ ഭീഷണിയുണ്ടായതായി ബന്ധുക്കൾ പറഞ്ഞു. തങ്ങളുടെ ഡ്രസ് കോഡ് എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾ ഉപയോഗിച്ചെന്ന പരാതിയാണ് മുതിർന്ന ക്ലാസിലെ ചില വിദ്യാർത്ഥികൾ ഉന്നയിച്ചത്. ഇക്കാര്യം സ്കൂൾ പി.ടി.എ യോഗത്തിലടക്കം ഷാരോണിന്റെ ബന്ധുക്കൾ ഉന്നയിച്ചിരുന്നു. അതിന്റെ വിരോധമാണ് ഇപ്പോഴത്തെ അക്രമത്തിനു പിന്നിലെന്ന് ബന്ധുക്കൾ പറഞ്ഞു. പരിക്കേറ്റ വിദ്യാർത്ഥിയുടെ ബന്ധുക്കൾ സ്കൂൾ അധികൃതർക്കും വിദ്യാഭ്യാസ മേലധികാരികൾക്കും കുറ്റ്യാടി പൊലീസിനും പരാതി നൽകി. കുട്ടികൾ തമ്മിൽ പ്രശ്നമുണ്ടായതായും ആരോപണ വിധേയരായ വിദ്യാർത്ഥികളെ 15-ാം തിയതി വരെ സ്കൂളിൽ നിന്ന് മാറ്റി നിർത്താൻ സ്കൂൾ അച്ചടക്ക സമതി തീരുമാനമെടുത്തതായും സ്കൂൾ അധികൃതർ അറിയിച്ചു.