കോർപ്പറേഷൻ നിലനിർത്തണം യു.ഡി.എഫിന് അഭിമാന പോരാട്ടം

Monday 08 December 2025 9:22 PM IST

കണ്ണൂർ: കേരളത്തിൽ യു.ഡി.എഫ് ഭരിക്കുന്ന ഏക കോർപ്പറേഷനായ കണ്ണൂർ കൈവിടാതിരിക്കാൻ കഠിന പരിശ്രമത്തിലാണ് യു.ഡി.എഫ്. കോൺഗ്രസും മുസ്ലിം ലീഗ് നേതൃത്വവും ഒരുമിച്ച് നടത്തുന്ന പോരാട്ടത്തിൽ വിമതരാണ് ആദ്യ വെല്ലുവിളി.

1,93,063 വോട്ടർമാരുള്ള കണ്ണൂർ കോർപ്പറേഷനിൽ 55 ഡിവിഷനുകളിലായി 208 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 2020ലെ തിരഞ്ഞെടുപ്പിൽ 35 സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ യു.ഡി.എഫിന് ഇത്തവണ കാര്യങ്ങൾ കടുപ്പമാണ്.

2015ൽ കണ്ണൂർ നഗരസഭയോട് പള്ളിക്കുന്ന്, പുഴാതി, എളയാവൂർ, എടക്കാട്, ചേലോറ എന്നീ പഞ്ചായത്തുകൾ ചേർത്താണ് കോർപ്പറേഷൻ രൂപീകരിച്ചത്. ആദ്യ തിരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും 27 സീറ്റുകൾ വീതം നേടി. കോൺഗ്രസ് വിമതൻ പി.കെ.രാഗേഷ് പിന്തുണ നൽകിയതോടെ ആദ്യഭരണം എൽ.ഡി.എഫിന് ലഭിച്ചു. എന്നാൽ അഞ്ചാംവർഷം രാഗേഷ് യു.ഡി.എഫിനൊപ്പമെത്തിയതോടെ ഭരണം മാറി. നിലവിൽ ഐക്യജനാധിപത്യ സംരക്ഷണ സമിതി രൂപവത്കരിച്ച പി.കെ.രാഗേഷ് വിഭാഗം ഇക്കുറി സ്വതന്ത്രരായി മത്സരിക്കുന്നുണ്ട്. പല വാർഡുകളിലെയും ചെറുകക്ഷികളുടെയും വിമതൻമാരുടെയും സാന്നിധ്യം ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ നിർണായകമാകും.

വികസന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് യു.ഡി.എഫ് പ്രചാരണം ശക്തിപ്പെടുത്തുന്നത്. മൾട്ടിലെവൽ കാർ പാർക്കിംഗ്, മഞ്ചപ്പാലം മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റ്, ജവഹർ സ്റ്റേഡിയം നവീകരണം എന്നിവ ഉൾപ്പെടുത്തിയ വികസന പത്രിക വോട്ടർമാരിലേക്ക് എത്തിച്ചിട്ടുണ്ട്. പരമ്പരാഗത കോൺഗ്രസ് ലീഗ് കോട്ടകളായ ഡിവിഷനുകൾ തുണയ്ക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി. അതെസമയം സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള ഹൈടെക് പദ്ധതികൾ അവതരിപ്പിച്ചാണ് എൽ.ഡി.എഫ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്. വികസന പ്രവർത്തനങ്ങളിലെ വൈകൽ, ക്രമക്കേട്, എന്നിവ പ്രചാരണ ആയുധമാക്കിയിട്ടുണ്ട്.

വെല്ലുവിളി ചെറുതല്ല ചേലോറയിൽ മാലിന്യനീക്കം, പടന്നപ്പാലം മാലിന്യ പ്ലാന്റിന്റെ അശാസ്ത്രീയ നിർമ്മാണം തുടങ്ങിയ വിഷയങ്ങൾ യു.ഡി.എഫിന് വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. പയ്യാമ്പലത്ത് കോൺഗ്രസിനും വാരത്തും ആദികടലായിലും ലീഗിനും വിമത സ്ഥാനാർഥികൾ ഗുരുതരമായ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. പള്ളിക്കുന്ന് ഡിവിഷനിൽ വിജയിച്ച ബി.ജെ.പി, പയ്യാമ്പലം, ടെമ്പിൾ ഡിവിഷനുകളിലും കരുത്തുറ്റ പോരാട്ടത്തിലാണ്. ആയിക്കര, അറക്കൽ, കസാനകോട്ട ഡിവിഷനുകളിൽ എസ്.ഡി.പി.ഐയും താണയിൽ വെൽഫെയർ പാർട്ടിയും ശക്തമാണ്. പത്തിലേറെ വാർഡുകളിലെങ്കിലും അതിശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.

നിലവിലെ കക്ഷിനില

യു.ഡി.എഫ് കോൺഗ്രസ് 20, മുസ്ലിം ലീഗ് 14, എൽ.ഡി.എഫ് സി.പി.എം 17, സി.പി.ഐ 2

എൻ.ഡി.എ ബി.ജെ.പി 1 .