തകർന്നടിഞ്ഞ് മടവൂർ പഞ്ചായത്തിലെ റോഡുകൾ

Tuesday 09 December 2025 1:39 AM IST

കല്ലമ്പലം: നവീകരണം നടത്തിയിട്ട് വർഷങ്ങൾ പിന്നിട്ട മടവൂർ പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ തകർന്ന് തരിപ്പണമാകുന്നു. മിക്ക റോഡുകളിലും ടാറിടലിന്റെ അവശേഷിപ്പുകൾ മാത്രമാണുള്ളത്. മഴ പെയ്താൽ ദിവസങ്ങളോളം ഒഴിയാത്ത വെള്ളക്കെട്ടും ഉണ്ടാകും. പഞ്ചായത്തിലെ ഉൾപ്രദേശങ്ങളിലൂടെ സഞ്ചരിച്ചാൽ ഗതാഗതയോഗ്യമായ ഒരു റോഡുപോലുമില്ലെന്നതാണ് നാട്ടുകാരുടെ പരാതി.

ചില റോഡുകൾ നവീകരിക്കാൻ കരാറായെങ്കിലും പണി തുടങ്ങാൻ വൈകുന്നുണ്ട്. റോഡുകൾ നവീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ പരിഗണിക്കുന്നില്ല. പഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെട്ട പനപ്പാംകുന്ന്-ചാങ്ങയിൽക്കോണം റോഡിൽ ടാർ ചെയ്തതിന്റെ മുകൾപാളി മുഴുവൻ ഇളകിപ്പോയി. പെരിങ്ങോട് ഭാഗത്തെ കലുങ്കിന്റെ ഒരു വശം തകർച്ചയിലായി. യക്ഷിയമ്പലം മുതൽ ചാങ്ങയിൽക്കോണം വരെയുള്ള ഭാഗത്ത് പൊളിഞ്ഞ റോഡും വെള്ളക്കെട്ടുമാണ്.

ടാറിളകിമാറി ചാങ്ങയിൽക്കോണം-

നേതാജി ജംഗ്ഷൻ റോഡ്

ചാങ്ങയിൽക്കോണം -നേതാജി ജംഗ്ഷൻ റോഡും ടാറിളകി തകർന്ന നിലയിലാണ്. ജില്ലാ അതിർത്തിയോടു ചേർന്നുള്ള എലിക്കുന്നാംമുകൾ മാകുഴി -ഈട്ടിമൂട് റോഡും തകർന്നിട്ടുണ്ട്. അഞ്ചുവർഷം മുൻപ് ജില്ലാപഞ്ചായത്ത് ഫണ്ടിൽ നവീകരിച്ചെങ്കിലും റോഡ് പൂർണ്ണമായി തകർന്ന നിലയിലാണ്. മഴയൊഴിഞ്ഞെങ്കിലും ഇവിടെ വെള്ളക്കെട്ടും മാറുന്നില്ല. യാത്രാദുരിതംമൂലം നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് വാർഡംഗം ഇടപെട്ട് ക്വാറി വേസ്റ്റ് എത്തിച്ച് ചെളിക്കെട്ടുള്ള ഭാഗങ്ങളിൽ ഇട്ടതാണ് ഏക ആശ്വാസം.

തകർന്ന റോഡുകൾ രണ്ടാം വാർഡിലെ അയണിക്കാട്ടുകോണം-കുന്നത്ത് ക്ഷേത്രം-അങ്കണവാടി റോഡിൽ മെറ്റൽ ഇളകിക്കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഏഴാം വാർഡിലെ ചുമടുതാങ്ങി -മുളവന-ചാലാംകോണം റോഡ്, 7, 8 വാർഡുകളിലൂടെ കടന്നുപോകുന്ന മടവൂർ മഹാദേവ ക്ഷേത്രം-ചാലിൽ റോഡ്, എട്ടാം വാർഡിലെ മടവൂർ - മാമണ്ണൂർ മഠം റോഡ്, 11ാം വാർഡിലെ ഞാറയിൽക്കോണം-ചേങ്കോട്-പഞ്ചവടിപ്പാലം റോഡ്, ആനകുന്നം-വിളയിൽ വാതുക്കൽ- മൂലവട്ടം -കക്കോ ട് റോഡ്, കശുഅണ്ടി ഫാക്ടറി ജംഗ്ഷൻ കുറിച്ചി, പുലിയൂർക്കോണം വാർഡിൽ ഈട്ടിമൂട്-എലികുന്നാംമുകൾ റോഡ് എന്നീവിടങ്ങളിലെ റോഡുകളെല്ലാം തകർന്ന നിലയിലാണ്.

തട്ടിക്കൂട്ടുപണികളെന്ന്

ചില റോഡുകളെല്ലാം കരാറായിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായിട്ടും കാലാവധി തീരുന്നതിനാൽ പല റോഡുകളുടെയും നിർമ്മാണം തുടങ്ങിയിട്ടില്ല. ചില റോഡുകളിൽ തട്ടിക്കൂട്ടുപണികളാണ് നടന്നതെന്നും ആക്ഷേപമുണ്ട്.