കാസർകോട് ജില്ലാ പഞ്ചായത്തിൽ കടുത്ത പോര്  അതിർത്തി മാറ്റം നിർണ്ണായകം 

Monday 08 December 2025 9:41 PM IST

കാസർകോട്: പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ കാസർകോട് ജില്ലാ പഞ്ചായത്തിനായി പോരാട്ടം ശക്തമായി. സംസ്ഥാന സർക്കാരിന്റെയും ജില്ലാ പഞ്ചായത്തിന്റെയും കോടികളുടെ വികസന നേട്ടങ്ങളും അഭിമാനപദ്ധതികളും യു.ഡി.എഫ് നിലപാടുകളുമാണ് എൽ.ഡി.എഫ് ചർച്ചയാക്കുന്നത്.

സംസ്ഥാനഭരണത്തിലെ കോട്ടങ്ങളും ശബരിമല സ്വർണ്ണകൊള്ളയും പറഞ്ഞാണ് യു.ഡി.എഫ് പ്രചാരണ വിഷയം.ജില്ലയിൽ ശക്തമായ സാന്നിദ്ധ്യമുള്ള ബി.ജെ.പിയാകട്ടെ ഇരുമുന്നണികളെയും കടന്നാക്രമിച്ചാണ് വോട്ടർ‌മാരെ സമീപിക്കുന്നത്.

കഴിഞ്ഞ തവണ ചെങ്കളയിൽ നിന്ന് വിജയിച്ച പൊതുസ്വതന്ത്രന്റെ പിന്തുണയിലാണ് എൽ.ഡി.എഫ് ജില്ലാപഞ്ചായത്ത് ഭരിച്ചത്. കോൺഗ്രസ് വിട്ടെത്തിയ ഷാനവാസ് പാദൂരിനെ ധാരണ പാലിച്ച് എൽ.ഡി. എഫ് രണ്ടര വർഷം വൈസ് പ്രസിഡന്റുമായി.ബേബി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ജില്ലാപഞ്ചായത്ത് കോടികളുടെ വികസന നേട്ടങ്ങളാണ് അവകാശപ്പെടുന്നത്.

അതി‌ർത്തികൾ മാറി;ബലാബലം മാറുമോ

ഇത്തവണ ഡിവിഷനുകളുടെ എണ്ണം 18 ആയതോടെ എൽ.ഡി.എഫിന് ആത്മവിശ്വാസത്തിലാണ്. ഡിവിഷൻ പുനർവിഭജനത്തെ തുടർന്ന് രാഷ്ട്രീയ സ്വഭാവത്തിൽ സംഭവിച്ച മാറ്റം ഫലത്തിൽ നിർണായകമാകുമെന്നുറപ്പാണ്. ജില്ലാപഞ്ചായത്തിൽ പുത്തിഗെ, വോർക്കാടി, പിലിക്കോട്, ചെറുവത്തൂർ എന്നീ നാല് ഡിവിഷനുകളാണ് ഇത്തവണ ഏറെ നിർണ്ണായകം.

പുത്തിഗെയിൽ സോമശേഖരയും പിലിക്കോട് കരിമ്പിൽ കൃഷ്ണനും യു.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ തവണ രണ്ടാമതെത്തിയ പുത്തിഗെയിൽ ഇത്തവണ ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ. എൽ.ഡി.എഫിലെ കെ.എ.മുഹമ്മദ് ഹനീഫ കൂടുതൽ വോട്ട് പിടിത്താൽ തങ്ങൾക്ക് നേട്ടമാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.

സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായിരുന്ന ചെറുവത്തൂർ ഡിവിഷനിലും യു.ഡി.എഫ് ഇക്കുറി വലിയ പ്രതീക്ഷയിലാണ്. പിലിക്കോട് ഡിവിഷനിൽ ആർ.ജെ.ഡിയുടെ എം.മനുവും കോൺഗ്രസിലെ കരിമ്പിൽ കൃഷ്ണനും തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്.