കൊട്ടിക്കലാശത്തിൽ ആവേശം കൂട്ടാൻ മുന്നണികൾ

Monday 08 December 2025 9:48 PM IST

കണ്ണൂർ: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ കൊട്ടിക്കാലാശം ആവേശകരമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ.മുന്നണികളിലെ ജില്ലാതല നേതാക്കളുടെ നേതൃത്വത്തിലാകും പ്രചാരണസമാപനം.റോഡ് ഷോകൾ, ബൈക്ക് റാലികൾ എന്നിങ്ങനെ നഗര,ഗ്രാമ വ്യത്യാസമില്ലാതെ കൊട്ടിക്കലാശം ആഘോഷമാക്കാനാണ് നീക്കം.

സംഘർഷം ഒഴിവാക്കാൻ പൊലീസിനെ വിവിധ സ്ഥലങ്ങളിൽ നിയോഗിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണവുമുണ്ടാകും .

വീടുകയറിയുള്ള അവസാന റൗണ്ട് പ്രചാരണം, ലഘുലേഖ വിതരണം എന്നിവയെല്ലാം പൂത്തിയാക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ. വോട്ടിംഗ് യന്ത്രത്തിന്റെ മാതൃക വോട്ടർമാരെ പരിചയപ്പെടുത്തൽ, സ്ലിപ്പ് വിതരണം എന്നിവ ഇന്നലെ പൂർത്തീകരിച്ചു.

ഗ്രാമകേന്ദ്രങ്ങളിലും പ്രചാരണം സജീവമായിരുന്നു.വീടുകൾ,വായനശാലകൾ, പൊതുയിടങ്ങൾ, എന്നിവ കേന്ദ്രീകരിച്ചും യോഗങ്ങൾ നടന്നു.ആദ്യഘട്ടങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിലുണ്ടായിരുന്ന പ്രചാരണം ഇപ്പോൾ പഴയ രീതിയിലായിട്ടുണ്ട്.

ചിഹ്നം കാണിച്ച് വോട്ടുപിടിത്തം താമര, കുട, ആപ്പിൾ, ശംഖ്, മൊബൈൽ ഫോൺ, ചൂൽ, വൈദ്യുത ബൾബ് തുടങ്ങിയ ചിഹ്നങ്ങളുമായി വോട്ടർമാരെ നേരിൽ കാണുന്ന പ്രചാരണരീതിയും നടക്കുന്നുണ്ട്.ഞായറാഴ്ച മുതൽ വാഹനങ്ങളിൽ പ്രചാരണം സജീവമാണ്.സ്വർണ്ണപാളി വിഷയവും രാഹൂൽ മാങ്കൂട്ടത്തിനെതിരെയുള്ള പീഡനവുമെല്ലാമായി സംസ്ഥാനതല വിഷയങ്ങളും കത്തിക്കുകയാണ് മുന്നണികൾ.സർക്കാരിന്റെ വികസനനേട്ടങ്ങൾ എണ്ണി പറഞ്ഞ് എൽ.ഡി.എഫും വികസന മുരടിപ്പ് നിരത്തി യു.ഡി.എഫും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ നിരത്തി ബി.ജെ.പിയും പ്രചരണപോര് തുടരുകയാണ്.

കൊട്ടിക്കലാശം സമാധാനപരമാകണം

കണ്ണൂർ: കൊട്ടിക്കലാശവും തിരഞ്ഞെടുപ്പും സമാധാനപരമായിരിക്കണമെന്ന് ഡി.ജി.പി ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ പൊലീസിനെ നിയോഗിക്കും. പൊതുജനങ്ങൾക്ക് മാർഗതടസ്സമുണ്ടാക്കുന്ന കൊട്ടിക്കലാശങ്ങൾ നടത്താൻ അനുവദിക്കില്ല. നഗരം കേന്ദ്രീകരിച്ച് നടത്തുന്ന കൊട്ടിക്കലാശത്തിന് മുന്നണികൾക്ക് പ്രത്യേകം സ്ഥലങ്ങൾ നൽകിയിട്ടുണ്ട്. അവിടെ മാത്രമേ നടത്താൻ പാടുള്ളൂ. ഇത് ലംഘിക്കുന്നവരെ കസ്റ്റഡിലെടുക്കും.പരസ്യപ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തർക്കങ്ങളും വെല്ലുവിളികളും ശബ്ദനിയന്ത്രണമില്ലാതെ ഉച്ചഭാഷിണികളിലൂടെ കേൾപ്പിക്കുന്ന പ്രവണത കർശനമായി നിയന്ത്രിക്കും.