നിലം പതിക്കാനൊരുങ്ങി ഒരു ട്രാൻസ്‌ഫോർമർ
തൊടുപുഴ: നഗരസഭ കാര്യാലയത്തിന് തൊട്ടുമുമ്പിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്‌ഫോർമർ അപകടാവസ്ഥയിലായിട്ടും അറിയാതെ കെ.എസ്.ഇ.ബി അധികൃതർ. ഇത് സ്ഥാപിച്ചിരിക്കുന്ന നാല് ഇരുമ്പുതൂണുകളിൽ രണ്ടെണ്ണം പകുതിയോളം ദ്രവിച്ച് അപകടാവസ്ഥയിലായിട്ടും അധികൃതർക്ക് അനക്കമില്ല. മറ്റ് രണ്ട് തൂണുകളും തുരുമ്പെടുത്തു തുടങ്ങിയിട്ടുണ്ട്. നഗരത്തിലെ ഏറ്റവും തിരക്കേറിയ പാതയോരത്താണ് ഇത്തരമൊരു അപകടം പതിയിരിക്കുന്നത്. പൊലീസ് സ്റ്റേഷനിലും നഗരസഭ കാര്യാലയത്തിലും തൊട്ടടുത്ത സിവിൽ സ്റ്റേഷനിലും മുനിസിപ്പൽ പാർക്കിലുമടക്കം ആയിരങ്ങൾ വിവിധ ആവശ്യങ്ങൾക്കായി കൂടിച്ചേരുന്ന സ്ഥലത്താണ് വലിയ ദുരന്തഭീഷണി. ഇതിന് പുറമെ കാൽനട യാത്രക്കാർ വേറെയും. ഇരുമ്പുതൂണുകൾ ഇത്രത്തോളം നശിച്ചിട്ടും നാളിതുവരെ അധികൃതർ അറിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. നഗരത്തിൽ ഏറ്റവും തിരക്കേറിയ പാതയിൽ ഒരപകടമുണ്ടായാൽ വൻ ദുരന്തമായിരിക്കും ഫലം. കഴിഞ്ഞ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസുകാരനാണ് വിവരം സമീപത്തെ കടയുടമയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വിഷയം നഗരസഭ സെക്രട്ടറി കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ടതായും തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം പരിശോധിക്കുമെന്നും തൊടുപുഴ കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനിയർ പറഞ്ഞു.
അപകടമുയർത്തുന്ന വൈദ്യുതി തൂണുകൾ
തൊടുപുഴ നഗരത്തിൽ അപകടകരമായ രീതിയിൽ ചെരിഞ്ഞ് നിൽക്കുന്ന ഇലക്ട്രിക്‌പോസ്റ്റുകൾ നിരവധിയാണ്. കിഴക്കേയറ്റത്ത് എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ഓഫീസിന് മുന്നിൽ നിൽക്കുന്ന പോസ്റ്റ് ഭീഷണിയായി നിൽക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. യൂണിയൻ ഓഫീസിലേക്ക് ചെരിഞ്ഞാണ് പോസ്റ്റ് നിൽക്കുന്നത്. ഓരോ ദിവസവും പിന്നിടുമ്പോൾ പോസ്റ്റിന്റെ ചെരിവ് കൂടുന്നത് വാഹനയാത്രികർക്ക് മാത്രമല്ല, സമീപമുള്ള കെട്ടിടങ്ങൾക്കും ഭീഷണിയാണ്. അപകടാവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാസങ്ങൾക്കു മുമ്പ് യൂണിയൻ നേതൃത്വം കെ.എസ്. ഇ.ബിയിൽ പരാതി നൽകിയെങ്കിലും നടപടിയായില്ല. ഇടയ്ക്ക് അധികൃതരെത്തി വാഹനത്തിൽ കെട്ടിവലിച്ച് പോസ്റ്റ് നിവർത്താനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അന്ന് സുരക്ഷിതത്വത്തിനായി സ്റ്റേ കമ്പി വലിച്ച് കെട്ടിയെങ്കിലും ഇതും ഫലപ്രദമല്ല. കോൺക്രീറ്റ് പോസ്റ്റ് മാറ്റി, പകരം വലിയ ഇരുമ്പു തൂൺ സ്ഥാപിച്ചാൽ മാത്രമേ പ്രശ്നപരിഹാരമാകൂ. മർച്ചന്റ് ട്രസ്റ്റ് ഹാളിന് സമീപം കൈതക്കോട്ടേക്ക് പേകുന്ന റോഡിലും ഇത്തരത്തിൽ അപകടകരമായ രീതിയിൽ ഇലക്ട്രിക് പോസ്റ്റ് ചെരിഞ്ഞു നിൽക്കുന്നുണ്ട്. ഇവിടെയൊന്നും അധികൃതർ വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടിട്ടില്ല.
''അപകടാവസ്ഥ ഉടനടി പരിഹരിക്കണം. ട്രാൻസ്‌ഫോർമർ ഉചിതമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണം. ഇതിന് മുമ്പിലെ റോഡിന് സമീപം ഒഴിഞ്ഞ് കിടക്കുന്ന സ്ഥലം പരിഗണിക്കാവുന്നതാണ്. ദുരന്തം സംഭവിക്കുന്നതിന് മുമ്പ് അടിയന്തര നടപടി സ്വീകരിക്കണം""
-എം.ആർ. സഹജൻ ( നഗരസഭയ്ക്കടുത്തുള്ള കടയുടമ)