അവശതയുള്ളവർക്ക് സഹായിയെ കൂട്ടാം

Tuesday 09 December 2025 12:37 AM IST

ആലപ്പുഴ: അന്ധതയോ മറ്റ് ശാരീരിക അവശതകളോ ഉള്ള സമ്മതിദായകർക്ക് വോട്ട് ചെയ്യാൻ സഹായിയെ കൊണ്ടുപോകാം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ ബാലറ്റ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിഞ്ഞ് വോട്ടു ചെയ്യുന്നതിനുള്ള ബട്ടൺ അമർത്തുന്നതിനോ വോട്ടിംഗ് മെഷീനിലെ ബാലറ്റ് ബട്ടനോട് ചേർന്നുള്ള ബ്രെയിൽ ലിപി സ്പർശിച്ച് വോട്ട് ചെയ്യുന്നതിനോ പരസഹായം കൂടാതെ കഴിയുകയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസർക്ക് ബോദ്ധ്യം വന്നാൽ, വോട്ടർക്ക് 18 വയസ്സിൽ കുറയാത്ത പ്രായമുള്ള ഒരു സഹായിയെയോ സുഹൃത്തിനെയോ തന്നോടൊപ്പം വോട്ട് രേഖപ്പെടുത്താനുള്ള അറയിലേയ്ക്ക് കൊണ്ടുപോകാൻ അനുവദിക്കും. സമ്മതിദായകന്റെ ഇടതു കൈയിലെ ചൂണ്ടുവിരലിൽ മായാത്ത മഷികൊണ്ട് അടയാളം ഇടുന്നതിനു പുറമെ സഹായിയുടെ വലതു കൈയിലെ ചൂണ്ടുവിരലിലും മായാത്ത മഷി കൊണ്ട് അടയാളം രേഖപ്പെടുത്തും. സ്ഥാനാർത്ഥിയെയോ പോളിംഗ് ഏജന്റിനെയോ സഹായിയായി അനുവദിക്കില്ല. വോട്ടിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചുകൊള്ളാമെന്നും അന്നേദിവസം ഏതെങ്കിലും പോളിംഗ് സ്റ്റേഷനിൽ മറ്റേതെങ്കിലും സമ്മതിദായകന്റെ സഹായിയായി താൻ പ്രവർത്തിച്ചിട്ടില്ലെന്നും രേഖപ്പെടുത്തിയ പ്രഖ്യാപനം സഹായി നൽകണം. ശാരീരിക അവശതയുള്ളവരെ ക്യൂവിൽ നിറുത്താതെ പോളിംഗ് സ്റ്റേഷനിലേയ്ക്ക് പ്രവേശിപ്പിക്കണം.