ദേശീയപാതയിൽ ഇനി ടോൾ പ്ലാസകൾ ഇല്ലാതാകും, വഴിയിൽ തടഞ്ഞുള്ള പിരിവും അവസാനിക്കും, വരുന്നത് വൻപദ്ധതി
ന്യൂഡൽഹി: ദേശീയ പാതകളിലെ ടോൾ പ്ലാസകളിലെ രൂക്ഷമായ ഗതാഗത കുരുക്ക് സമീപകാലത്ത് ചർച്ചാവിഷയമായിരുന്നു. കേരളത്തിൽ ഇടപ്പള്ളി- മണ്ണുത്തി ദേശീയ പാതയിലെ പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി തടയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ടോൾപിരിവിനുള്ള നിലവിലെ സംവിധാനം ഒരുവർഷത്തിനുള്ളിൽ ഇല്ലാതാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ടോൾ പ്ലാസകൾ ഒഴിവാക്കി തടസമില്ലാതെ യാത്ര ഉറപ്പാക്കുന്നതിന് പുതിയ ഇലക്ട്രോണിക് സംവിധാനം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ സംവിധാനം പത്തിടത്ത് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നിലവിൽ ടോൾ പിരിക്കുന്ന സംവിധാനം ഒരുവർഷം കൂടി മാത്രമേ തുടരൂവെന്ന് മന്ത്രി കഴിഞ്ഞ ദിവസം ലോക്സഭയിലെ ചോദ്യോത്തര വേളയിൽ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഇലക്ട്രോണിക് ടോൾ കാലമാണ് വരാൻ പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ 4500 ഹൈവേ പ്രോജക്ടുകളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇവിടങ്ങളിൽ ടോൾ പിരിക്കുന്നതിന് നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) , നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷൻ (എൻ.ഇ.ടി.സി) എന്നിവർ പുതിയ പ്രോഗ്രാം വികസിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഫാസ്ടാഗ് മുഖേന ടോൾപ്ലാസയിൽ നിറുത്താതെ തന്നെ ഉപയോക്താവിന്റെ അക്കൗണ്ടിൽ നിന്ന് പണം ഈടാക്കുന്ന സംവിധാനമായിരിക്കും ഒരുങ്ങുക.
സാറ്റലൈറ്റ് അധിഷ്ഠിത ടോൾ സംവിധാനം പ്രാവർത്തികനാക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ആലോചിക്കുന്നത്. വാഹനങ്ങളിലെ ജി.പി.എസ് സംവിധാനത്തിന്റെ സഹായത്തോടെ സഞ്ചരിച്ച ദൂരം കണക്കാക്കി ഉമയുടെ അക്കൗണ്ടിൽ നിന്ന് പണം ഈടാക്കുന്ന സംവിധാനമായിരിക്കും ഇത്. നമ്പർ പ്ലേറ്റ് റീഡ് ചെയ്ത് ടോ& ഊടാക്കുന്ന രീതിയും സർക്കാരിന്റെ പരിഗണനയിലുണ്ട്.