കാട്ടാനയുടെ ആക്രമണം, വൃദ്ധൻ മരിച്ചു: ഫോറസ്റ്റ് സ്റ്റേഷൻ നാട്ടുകാർ ഉപരോധിച്ചു
ജനപ്രതിനിധികൾ നടത്തിയ ചർച്ചയിൽ ഉപരോധം അവസാനിപ്പിച്ചു
ചാലക്കുടി: ചായ്പ്പൻകുഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധന് ദാരുണാന്ത്യം. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ വനംവകുപ്പ് ഓഫീസിലെ സാമഗ്രികളും ജനാലയും തല്ലിത്തകർത്തു. മണിക്കൂറുകളോളം നാട്ടുകാർ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. ഒടുവിൽ ജനപ്രതിനിധികൾ നടത്തിയ ചർച്ചയിൽ ഉപരോധം അവസാനിപ്പിച്ചു.
പീലാർമുഴി സ്വദേശി തെക്കൂട്ട് വീട്ടിൽ സുബ്രനാണ് (70) തിങ്കളാഴ്ച രാവിലെ 6ന് മരിച്ചത്. വീട്ടിൽ നിന്ന് ചായക്കടയിലേക്ക് പോകവെ റബർ തോട്ടത്തിൽ നിന്ന് പാഞ്ഞെത്തിയ ആന ആക്രമിക്കുകയായിരുന്നു. നിലത്തുവീണ സുബ്രനെ ആന ചവിട്ടി.
നിലവിളി കേട്ട് പരിസരവാസികളെത്തിയപ്പോൾ ഓടിപ്പോകുന്ന ആനയെ കണ്ടു. റബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തുകയായിരുന്ന ഗിരീഷെന്ന യുവാവിന് നേരെയായിരുന്നു ആദ്യ പരാക്രമം. യുവാവ് ഓടി രക്ഷപ്പെട്ടതോടെ, കോൺക്രീറ്റ് റോഡിലേക്ക് പാഞ്ഞെത്തി വൃദ്ധനെ ആക്രമിച്ചു. പരിക്കേറ്റ സുബ്രനെ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വനം വകുപ്പിന്റെ ഉദാസീനതയാണ് ഒരാളുടെ മരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ജെയിംസിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചായ്പ്പൻകുഴിയിലെ ഫോറസ്റ്റ് ഓഫീസിലേക്ക് പാഞ്ഞെത്തി. സംഘർഷ സാദ്ധ്യതയറിഞ്ഞ് ചാലക്കുടി ഡിവൈ.എസ്.പി വി.കെ.രാജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവുമെത്തി.
ആശുപത്രി മോർച്ചറിയിൽ വച്ച മൃതദേഹം ഏറ്റെടുക്കില്ലെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചു. പിന്നീട് ഇരിങ്ങാലക്കുട ആർ.ഡി.ഒ ഷിബു പി.ജോണിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുമായി ചർച്ച നടത്തി. ബെന്നി ബഹനാൻ എം.പി, സനീഷ് കുമാർ ജോസഫ് എം.എൽ.എ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയ്ക്ക് ശേഷമാണ് ഇൻക്വസ്റ്റിന് നാട്ടുകാർ സമ്മതിച്ചത്. സുബ്രന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തുകയുടെ ആദ്യ ഗഡുവായ അഞ്ച് ലക്ഷം ചാലക്കുടി ഡി.എഫ്.ഒ വെങ്കിടേശ്വരൻ കൈമാറി.
ആശ്രിതരിൽ ഒരാൾക്ക് വനം വകുപ്പിൽ താത്കാലിക ജോലി നൽകും. ഇത് സ്ഥിരപ്പെടുത്തുന്നതിന് സർക്കാരിലേക്ക് ശുപാർശ ചെയ്യും. പീലാർമുഴി കാട്ടിൽ തമ്പടിച്ചിരിക്കുന്ന ആനകളെ ആർ.ആർ.ടി സംഘത്തെ നിയോഗിച്ച് ഉടനെ കാടുകയറ്റാനും തീരുമാനിച്ചു. ഇതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ചൊവ്വാഴ്ച രാവിലെ 10ന് ചാലക്കുടി നഗരസഭ ക്രിമറ്റോറിയത്തിൽ സംസ്‌കരിക്കും. ശാരദയാണ് ഭാര്യ. മക്കൾ: ജിനീഷ്, ജിഷ. മരുമകൻ: സുരേഷ്.