നടിയെ ആക്രമിച്ച കേസിലെ വിധി

Tuesday 09 December 2025 12:33 AM IST

കേരളത്തിന്റെ ഹൃദയത്തിൽ അഗാധമായ മുറിവ് അവശേഷിപ്പിച്ചതാണ് യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യം പകർത്തിയ കിരാത സംഭവം. നാടു മുഴുവൻ അറിയപ്പെടുന്ന പ്രമുഖയായ ഒരു നടിക്ക് നടുറോഡിൽ ഇരുട്ടു വീഴും മുമ്പേ അനുഭവിക്കേണ്ടിവന്ന കലികാല ദുഷ്‌ടത ഓർമ്മിക്കാൻപോലും അറപ്പുളവാക്കുന്നതാണ്. അവർ അനുഭവിച്ച ശാരീരികവും മാനസികവുമായ ആഘാതത്തിന്റെ വ്യഥയകറ്റാൻ ഒരു വിധിയും ആത്യന്തികമായി പര്യാപ്തമാകില്ലെങ്കിലും ആ കേസിൽ ഒന്നുമുതൽ ആറുവരെ പ്രതികൾ കുറ്റക്കാരാണെന്നും, അവർക്കെതിരെ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ഹണി എം. വർഗീസ് വിധിച്ചത് നീതിയുക്തമായ ലോകത്തിൽ വിശ്വസിക്കുന്നവർക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. പ്രതികൾക്കുള്ള ശിക്ഷ 12-ാം തീയതി വിധിക്കുമെന്നാണ് കോടതി അറിയിച്ചത്. ഒരിക്കലും ഇത്തരമൊരു സംഭവം ആവർത്തിക്കാൻ ആരും ചിന്തിക്കാൻ പോലും തുനിയാത്ത വിധത്തിലുള്ള പരമാവധി ശിക്ഷ പ്രതികൾക്ക് ലഭിക്കുമെന്നുതന്നെ കരുതാം.

സിനിമാ നടൻ ദിലീപ് ഈ കേസിൽ എട്ടാം പ്രതിയായതാണ് കഴിഞ്ഞ എട്ടര വർഷമായി ഈ കേസിനെ കേരളത്തിലെ ഓരോ കുടുംബത്തിലെയും ചർച്ചയാക്കി മാറ്റിയത്. സിനിമകളിലെ ക്രൂരമായ കല്പിത കഥകളെപ്പോലും തോല്പിക്കുന്ന അതിനീചമായ ഈ സംഭവത്തിന്റെ ആസൂത്രണം നടത്തിയത് നടൻ ദിലീപായിരുന്നു എന്നാണ് പ്രോസിക്യൂഷൻ ആരോപിച്ചത്. അതിന് അവർ സമർപ്പിച്ച തെളിവുകൾ, ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പര്യാപ്തമായില്ലെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതേവിട്ടിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി എന്ന എൻ.എസ്. സുനിൽ, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നീ പ്രതികളെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.

2017 ഫെബ്രുവരി 17ന് അങ്കമാലിയിൽ വച്ച് വാഹനത്തിൽ അതിക്രമിച്ചു കയറി നടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്ന കേസിൽ ദീർഘമായ എട്ടു വർഷത്തിനു ശേഷമാണ് വിധി വരുന്നത്. കൊവിഡ് ലോക്‌ഡൗണിനു പുറമെ, പ്രതിയായ നടൻ ദിലീപും പ്രോസിക്യൂഷനും അതിജീവിതയും പലതവണ മേൽക്കോടതികളിൽ നൽകിയ ഉപ ഹർജികളും അപ്പീലും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മാസങ്ങളോളം വിചാരണ നിറുത്തിവച്ച് തുടരന്വേഷണം നടത്തിയതുമാണ് വിചാരണ ഇത്രയധികം നീണ്ടുപോകാൻ ഇടയാക്കിയത്. ഷൂട്ടിംഗിനു ശേഷം തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ പ്രതികളിൽ ഒരു സംഘം കാർ തടഞ്ഞുനിറുത്തുകയും, അതിക്രമിച്ചു കയറി ആക്രമിക്കുകയും ചെയ്ത ഈ കേസ് ഒരു പ്രമാദ കേസായി കേരള സമൂഹത്തിനു മുന്നിലെത്തിയതിന് മുഖ്യ കാരണക്കാരനായ വ്യക്തി ഇന്ന് നമ്മോടൊപ്പം ജീവിച്ചിരിപ്പില്ല.

തൃക്കാക്കരയിലെ മുൻ എം.എൽ.എയും ഉറച്ച നിലപാടുകളുള്ള രാഷ്ട്രീയ നേതാവുമായിരുന്ന പരേതനായ പി.ടി. തോമസിന്റെ സമയോചിതമായ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ സിനിമാരംഗത്തെ അജണ്ട സെറ്റു ചെയ്യുന്ന ചിലർ മാത്രമറിയുന്ന ഒരു രഹസ്യമായി ഈ സംഭവം എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെടുമായിരുന്നു എന്ന് കരുതാതിരിക്കാൻ കഴിയില്ല. കാരണം പണാധിപത്യവും പ്രശസ്തിയും അത്രമേൽ അരങ്ങു വാഴുന്ന സിനിമാരംഗത്ത് സമാനമായ സംഭവങ്ങൾ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടെന്നും അതൊക്കെയും ആരോരുമറിയാതെ ആരൊക്കെയോ ഒതുക്കിത്തീർത്തിട്ടുമുണ്ടാകും എന്ന സൂചനകൾ പുറത്തുവന്നിട്ടുള്ളതാണ്. രാത്രിയിൽത്തന്നെ സിനിമാ നിർമ്മാതാവ് ആന്റോ ജോസഫിനൊപ്പം സിനിമാ നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലെത്തിയ പി.ടി. തോമസാണ് നടിയിൽ നിന്ന് വിവരങ്ങൾ ഗ്രഹിച്ച ശേഷം പൊലീസിന്റെ ഉന്നതങ്ങളിൽ വിവരം അറിയിച്ചത്. അപ്പോൾത്തന്നെ രംഗത്തെത്തിയ പൊലീസിന്റെ സത്വരമായ ഇടപെടലും അന്വേഷണവുമാണ് വലിയ കാലതാമസമില്ലാതെ മുഖ്യ പ്രതികളെ പിടികൂടാൻ ഇടയാക്കിയത്.

പിന്നീട് ഈ സംഭവത്തിലുള്ള പ്രതിഷേധം പ്രകടിപ്പിക്കാൻ സിനിമാ സംഘടനകളുടെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ നടന്ന യോഗത്തിലാണ് ദിലീപിന്റെ മുൻ ഭാര്യയും പ്രമുഖ നടിയുമായ മഞ്ജുവാര്യർ, ഈ സംഭവത്തിനു പിന്നിൽ ഒരു ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിനെക്കുറിച്ചും അന്വേഷിക്കണമെന്നും ആദ്യമായി വെളിപ്പെടുത്തിയത്. ഇതിനെത്തുടർന്നാണ് അന്വേഷണം ദിലീപിലേക്ക് തിരിയുന്നത്. ലൈംഗിക അതിക്രമത്തിന് ക്വട്ടേഷൻ നൽകിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റർ ചെയ്യപ്പെട്ട ഈ കേസിൽ ദിലീപ് എട്ടാം പ്രതിയായതോടെ കേരളത്തിൽ മാത്രമല്ല, ദേശീയ തലത്തിൽപ്പോലും ശ്രദ്ധേയമായി കേസ് മാറുകയായിരുന്നു. മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും മറ്റും ചർച്ചചെയ്യാൻ ഇത്രയധികം സമയം നീക്കിവച്ച മറ്റൊരു കേസ് ഇതിനിടയിൽ ഉണ്ടായിട്ടില്ലെന്നുതന്നെ പറയാം.

ദിലീപിനെ കുറ്റക്കാരനായി വിധിക്കുന്നതും നിരപരാധിയായി ചിത്രീകരിക്കുന്നതുമായ നിരവധി ചർച്ചകളും വിവാദങ്ങളും ദിനംപ്രതി ഉയർന്നുവന്നു. 2017 ജൂലായ് 10-ന് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിറ്റേ ദിവസം ആലുവ സബ് ജയിലിൽ അടച്ചു. പിന്നീട് ഒക്ടോബർ മൂന്നിനാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്. ഒരു നടനെന്ന നിലിയൽ ദിലീപ് ആർജ്ജിച്ചിരുന്ന, സമൂഹത്തിന്റെ; പ്രത്യേകിച്ച് കുടുംബ പ്രേക്ഷകരുടെ സ്നേഹവും വിശ്വാസവും മങ്ങാൻ ഈ കേസ് ഒട്ടൊന്നുമല്ല ഇടയാക്കിയത്. കോടതി കുറ്റവിമുക്തനാക്കിയ ഒറ്റ ദിവസം കൊണ്ട് വീണ്ടെടുക്കാൻ കഴിയുന്നതല്ല ആ വിശ്വാസം. അതിന് ഇനിയും കാലങ്ങൾ വേണ്ടിവരും. എന്നാൽ,​സമൂഹത്തിനു മുന്നിൽ താനൊരു കുറ്റവാളിയല്ല എന്ന് തെളിയിക്കാൻ ഈ വിധിയിലൂടെ ദിലീപിന് കഴിഞ്ഞു.

പ്രമുഖ നടീനടന്മാരും സംവിധായകരും ഉൾപ്പെടെ 261 സാക്ഷികളെ കേസിൽ വിസ്തരിക്കേണ്ടിവന്നു. ഇതിനു മാത്രം 438 ദിവസം വേണ്ടിവന്നു.

ഇതിൽ സിനിമാക്കാരും ദിലീപിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ 28 പേർ മൊഴി മാറ്റി. മൊഴികളിൽ വ്യക്തത വരുത്താനുള്ള തുടർ വാദങ്ങൾക്കും നടപടിക്രമങ്ങൾക്കുമായി 294 ദിവസം കൂടി കോടതിക്ക് വേണ്ടിവന്നു. ഫോറൻസിക് റിപ്പോർട്ടുകൾ അടക്കം പ്രോസിക്യൂഷൻ ഹാജരാക്കിയ 833 രേഖകളും പരിശോധിച്ചാണ് കോടതി പ്രതിഭാഗത്തിന്റെ വാദങ്ങളും രേഖപ്പെടുത്തിയത്. ബലാത്സംഗം, ഗൂഢാലോചന, സ്‌ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ളീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

കോടതിക്കു പുറത്ത് സമൂഹത്തിൽ നടക്കുന്ന വാഗ്വാദങ്ങളും സോഷ്യൽ മീഡിയയുടെ വിധി തീർപ്പുകളും പൊതുസമൂഹത്തിന്റെ ചിന്തകളുമല്ല ഒരു കേസിൽ കോടതിക്ക് ബാധകമാകുന്നത്. കോടതി ഏതു കേസിലും വിധി കല്പിക്കുന്നത് കോടതിക്കു മുന്നിൽ വരുന്ന വസ്‌തുതകളുടെയും തെളിവുകളുടെയും,​ വിചാരണയിലൂടെ ബോദ്ധ്യപ്പെടുന്ന കാര്യകാരണങ്ങളുടെയും അടിസ്ഥാനത്തിലാണ്. കുറ്റവാളിയാണെന്ന് കോടതിയുടെ മനഃസാക്ഷിക്ക് ബോദ്ധ്യപ്പെട്ടാലും തെളിവുകളുടെ അഭാവത്തിൽ വെറുതേ വിടാനല്ലാതെ മറ്റൊരു വഴി നമ്മുടെ നിയമത്തിലില്ല. ഈ കേസിലും പ്രോസിക്യൂഷൻ അപ്പീൽ നൽകാതിരിക്കില്ല. നിയമത്തിന്റെ വഴികൾ ഇനിയും നീണ്ടുപോകും. പക്ഷേ ഈ സംഭവം മലയാളികളുടെ മനസ്സിലേല്പിച്ച മുറിവിന്റെ അടയാളം എങ്ങനെയാണ് മായുക?