എസ്.ഐ.ആർ : ഇന്ന് പരിഗണിക്കും

Tuesday 09 December 2025 12:55 AM IST

ന്യൂഡൽഹി: കേരളത്തിലെ അടക്കം തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയയ്‌ക്കെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിനു പുറമെ തമിഴ്നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ ഒരു വിഭാഗം രാഷ്ട്രീയ പാർട്ടികളാണ് കോടതിയെ സമീപിച്ചത്. ഉത്തർപ്രദേശിലെയും ബീഹാറിലെയും എസ്.ഐ.ആറിനെ ചോദ്യംചെയ്‌ത ഹർജികളിലും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വാദം കേൾക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ തീവ്ര വോട്ടർപട്ടിക പുതുക്കൽ നടപടികളുടെ സമയപരിധി ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത് തിരഞ്ഞെ‌ടുപ്പ് കമ്മിഷൻ കോടതിയെ അറിയിക്കും. എന്യുമറേഷൻ ഫോമുകൾ ഡിസംബർ 18 വരെ സ്വീകരിക്കും. കരട് വോട്ടർപട്ടിക ഡിസംബ‌ർ 23നും, അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21നും പ്രസിദ്ധീകരിക്കുമെന്നും ചൂണ്ടിക്കാട്ടും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ്.ഐ.ആർ നീട്ടിവയ്‌ക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ന്യായമാണെന്ന് സുപ്രീംകോടതി ഡിസംബ‌ർ 2ന് നിലപാടെടുത്തിരുന്നു. വസ്‌തുനിഷ്ഠമായും സഹാനുഭൂതിയോടെയും വിഷയത്തെ സമീപിക്കണമെന്ന് കമ്മിഷനോട് പറഞ്ഞിരുന്നു.