കുടുംബ കോടതി ജഡ്‌ജി ഭാര്യയ്‌ക്ക് 50 ലക്ഷം ജീവനാംശം നൽകണം

Tuesday 09 December 2025 12:56 AM IST

ന്യൂഡൽഹി: ഭർത്താവ് പഞ്ചാബിലെ കുടുംബ കോടതി ജഡ്‌ജി. ഭാര്യ മുൻ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ. വിവാഹമോചന കേസിൽ ജീവനാംശമായി സുപ്രീം കോടതി അനുവദിച്ചത് അമ്പതു ലക്ഷം രൂപ.

ഭാര്യയുടെയും മകളുടെയും സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താൻ ജുഡിഷ്യൽ ഓഫീസർ എന്ന നിലയിൽ ഭർത്താവിന് ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഈ തുക നിശ്ചയിച്ചത്. 50 ലക്ഷം ഒറ്രത്തവണ ജീവനാംശമാണ്. മൂന്നുമാസത്തിനകം തുക കൈമാറണം.

ജഡ്ജി നൽകിയ ഹർജിയിൽ വിവാഹമോചനം അനുവദിച്ച പഞ്ചാബ് - ഹരിയാന ഹൈക്കോടതി 30 ലക്ഷം ജീവനാംശം നൽകാൻ ഉത്തരവിട്ടിരുന്നു. തുക വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാര്യ സുപ്രീം കോടതിയെ സമീപിച്ചത്.

മകളുടെ ഭാവി ജീവിതത്തിനായി 41 ലക്ഷത്തിന്റെ ഇൻഷ്വറൻസ് പോളിസി എടുക്കണമെന്നും 30,​000 രൂപ മാസ ചെലവ് നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അക്കാര്യം സുപ്രീംകോടതിയും അംഗീകരിച്ചു. 2008 ഡിസംബറിലായിരുന്നു വിവാഹം. അന്ന് ചണ്ഡിഗറിൽ ജുഡിഷ്യൽ ട്രെയിനിംഗിലായിരുന്നു ഭർത്താവ്. ഭാര്യ എ.എ.ജിയും. 2012 മുതൽ പിരിഞ്ഞു താമസിക്കുന്നു. ഭാര്യ ക്രൂരമായി പെരുമാറുന്നുവെന്നായിരുന്നു വിവാഹമോചന ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഭർത്താവാണ് ക്രൂരമായി പെരുമാറുന്നതെന്ന് വ്യക്തമാക്കി മൊഹാലി കുടുംബകോടതി ഹർജി തള്ളി. അതിനെതിരെ ഹൈക്കോടതിയെ സമീപിച്ചാണ് ജഡ്ജി അനുകൂല വിധി നേടിയത്.