സിദ്ധുവിന്റെ ഭാര്യയെ സസ്‌പെൻഡ് ചെയ്‌ത് കോൺ.

Tuesday 09 December 2025 12:58 AM IST

ന്യൂഡൽഹി: നേതൃത്വത്തിനെതിരെ അഴിമതി ആരോപിച്ച മുൻ ക്രിക്കറ്റ് താരവും നേതാവുമായ നവ്ജോധ് സിംഗ് സിദ്ധുവിന്റെ ഭാര്യ നവ്ജോത് കൗർ സിദ്ധുവിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ 500 കോടി രൂപ കൈക്കൂലി നൽകണമെന്ന നവ്ജോത് കൗറിന്റെ പ്രസ്താവനക വലിയ രാഷ്ട്രീയ വിവാദമായിരുന്നു. തന്റെ ഭർത്താവിന് പഞ്ചാബിൽ ഒരു മാറ്റം കൊണ്ടുവരാൻ കഴിയുമെങ്കിലും പാർട്ടിക്ക് സംഭാവന നൽകാൻ പണമില്ല. 500 കോടി രൂപ നിറച്ച ഒരു സ്യൂട്ട്കേസ് നൽകിയാലേ മുഖ്യമന്ത്രിയാകൂ എന്നാണ് കൗർ പറഞ്ഞത്.

ആംആദ്‌മി പാർട്ടിയും ബി.ജെ.പിയും കൗറിന്റെ ആരോപണം ഏറ്റെടുത്തത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയതോടെയാണ് നടപടി. കോൺഗ്രസ് മുൻപ് നവ്ജോധ് സിദ്ധുവിനെ പി.സി.സി അദ്ധ്യക്ഷനാക്കിയത് പണം നൽകിയിട്ടാണോ എന്ന് കോൺഗ്രസ് എംപിയും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ജീന്ദർ സിംഗ് രന്ധാവ ചോദിച്ചു. നാല് വർഷമായി നിശബ്ദനായിരുന്ന സിദ്ധു തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.