ഓൺലൈനായി ഹാജരാകാൻ അനുവദിക്കണം വാങ്‌ചുക്കിന്റെ ആവശ്യത്തെ എതിർത്ത് കേന്ദ്രം
ന്യൂഡൽഹി: ജയിലിൽ കഴിയുന്ന ലഡാക്ക് പ്രക്ഷോഭ നേതാവ് സോനം വാങ്‌ചുക്കിനെ ഓൺലൈനായി ഹാജരാകാൻ അനുവദിക്കരുതെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. വാങ്‌ചുക്കിനെ ദേശീയ സുരക്ഷാ നിയമം ചുമത്തി തടങ്കലിലാക്കിയതിനെതിരെ ഭാര്യ ഗീതാജ്ഞലി ജെ. ആംഗ്‌മോ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെയാണിത്. രാജസ്ഥാൻ ജോധ്പൂരിലെ സെൻട്രൽ ജയിലിലാണ് പരിസ്ഥിതി പ്രവർത്തകനെ പാർപ്പിച്ചിരിക്കുന്നത്. വീഡിയോ കോൺഫറൻസ് മുഖേന തന്റെ ഭാഗം പറയാൻ വാങ്‌ചുക്കിന് താത്പര്യമുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു. ഒരു കാരണവശാലും അനുവദിക്കരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു. ഒരു പ്രതിക്കും പ്രത്യേക പരിഗണന പാടില്ലെന്നും കൂട്ടിച്ചേർത്തു. ഇതോടെ വിഷയം ഡിസംബർ 15ന് പരിഗണിക്കാനായി ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് മാറ്റി. ലഡാക്കിന്റെ തനതായ സ്വത്വവും പാരമ്പര്യവും നിലനിർത്താൻ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണം, സംസ്ഥാന പദവി അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രക്ഷോഭകാരികൾ ഉന്നയിക്കുന്നത്. സെപ്‌തംബർ 24ലെ പൊലീസ് വെടിവയ്‌പ്പിൽ നാലു പേർ കൊല്ലപ്പെട്ടു. വാങ്‌ചുക്കിനെ സെപ്‌തംബർ 26നാണ് കസ്റ്റഡിയിലെടുത്തത്.