പ്രചാരണം കെട്ടടങ്ങി,​ ഇന്ന് വോട്ടെടുപ്പും കഴിയും: ഇനി കാത്തിരിപ്പിന്റെയും കാശിറക്കലിന്റെയും കാലം

Tuesday 09 December 2025 2:56 AM IST

ഒരു മാസത്തോളം നീണ്ട തദ്ദേശ തിരഞ്ഞെടപ്പ് പ്രചാരണം കെട്ടടങ്ങിയതിന്റെ ആശ്വാസത്തിലാണ് ചുറ്റുവട്ടത്തുള്ളവർ .

ആദ്യം സീറ്റ് ഒപ്പിക്കാൻ നേതാക്കളെ സ്വാധീനിക്കൽ. പിന്നെ സീറ്റുകിട്ടാത്തവരുടെ കരച്ചിൽ. വിമതവേഷത്തിലുള്ള അരങ്ങേറ്റം . മോഹന സുന്ദരവാഗ്ദാനം നൽകി അവരെ മത്സരത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള നേതാക്കളുടെ കളികൾ. തേനുംപാലും ഒഴുക്കുമെന്ന സ്ഥാനാർത്ഥിത്വം ലഭിച്ചവരുടെ പ്രഖ്യാപനം. അതിനായി ചെലവാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞതിന്റെ നാലിരട്ടി ചെലവാക്കിയ ശേഷമുള്ള കള്ളക്കണക്ക് ഒപ്പിക്കൽ... അങ്ങനെ കലാശക്കൊട്ടും കഴിഞ്ഞു

ഇനി ഇന്ന് വോട്ട് ചെയ്തവരുടെ ശതമാനകണക്കു വെച്ചുള്ള വിലയിരുത്തൽ. വോട്ടെണ്ണി കഴിഞ്ഞ് ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിവന്നാൽ ഭരണം എങ്ങനെയും പിടിച്ചെടുക്കാൻ ജയിച്ച സ്വതന്ത്രന്മാരെയും റിബലുകളെയും പ്രലോഭനത്തിലൂടെ ഒപ്പം നിറുത്താനും കാലു മാറ്റം, കാലുവാരൽ എന്നിവയ്ക്കുമായി കാശിറക്കിയുള്ള കളികൾ. ഇനി എന്തൊക്കെ കളികൾ വോട്ടർമാർ കാണാൻ ഇരിക്കുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനാംഗമായാൽ ശമ്പളവും അലവൻസുമായി വലിയ കിട്ടപ്പോരൊന്നുമില്ലെങ്കിലും സ്ഥാനാർത്ഥിത്വത്തിനായുള്ള കൂട്ടയിടി കാണുമ്പോൾ അധികാരമെന്ന ശർക്കരക്കുടത്തിൽ കൈയ്യിട്ടു നക്കുന്നതിന്റെ രുചി ഒന്നു വേറെ തന്നെയെന്നാണ് നാട്ടുകാർക്ക് തോന്നുന്നത്.

രണ്ടു മുന്നണികൾക്കും തുല്യ സീറ്റു വന്നാൽ പിന്നെ സ്വതന്ത്രന്മാരുടെ നല്ല കാലമാകും. കോട്ടയം നഗരസഭയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും തുല്യ സീറ്റുവന്നതോടെ കോൺഗ്രസ് റിബലായി മത്സരിച്ചു ജയിച്ചയാൾക്ക് തളികയിൽ വെച്ച് ചെയർമാൻ സ്ഥാനം കിട്ടി. അഞ്ചു വർഷവും ചെയർമാന്റെ കസേരയിൽ ഇരിക്കാൻ റിബലിന് അവസരം ലഭിച്ചു. ബി.ജെ.പിയുടെ പിന്തുണ ഇടതുപക്ഷം വേണ്ടെന്ന് വച്ചതിനാൽ അവിശ്വാസ പ്രമേയം വന്നിട്ടും പാസാക്കാൻ കഴിയാതിരുന്നത് റിബലിന് ഗുണമായി.

ഈരാറ്റുപേട്ടയിൽ എസ്.ഡി.പി.ഐയുടെ പിന്തുണ യു.ഡി.എഫും എൽ.ഡി.എഫും സ്വീകരിക്കാതിരുന്നതിനാൽ അവിടെ മുസ്ലീം ലീഗ് അംഗത്തിന് അഞ്ചു വർഷം ചെയർപേഴ്സൺ സ്ഥാനം ഉറപ്പായികിട്ടി.

തദ്ദേശ സ്ഥാപനങ്ങളിൽ രാഷ്ടീയമില്ലെന്നാണ് വെപ്പെങ്കിലും ഇതു പോലത്തെ കാലു മാറ്റവും കാലുവാരലും തമ്മിലടിയും നിയമസഭയിൽ പോലുമില്ല. അഞ്ചു വർഷത്തിനിടെ എത്ര അവിശ്വാസപ്രമേയമാണെന്നോ അവതരിപ്പിക്കുന്നത്. ഇടതു മുന്നണിക്ക് ആദ്യംലഭിച്ച ഭരണം പിന്നെ യു.ഡി.എഫിനും തിരിച്ച് എൽ.ഡി.എഫിനും മാറി മാറി ലഭിക്കുന്നത് കാശിറക്കിയുള്ള ചാക്കിൽ കയറ്റം നടത്തുന്നത് കൊണ്ടാണ്. കൂറുമാറ്റ നിരോധന നിയമം പാർട്ടിക്കാർക്കു മാത്രം പോര സ്വതന്ത്രന്മാർക്കും റിബലുകൾക്കും കൂടി വേണമെന്നാണ് ചുറ്റുവട്ടത്തിന്റെ അഭിപ്രായം.