സമാധാന കരാർ ലംഘിച്ചു: തായ് - കംബോഡിയ അതിർത്തിയിൽ വീണ്ടും സംഘർഷം : 4 മരണം
ബാങ്കോക്ക് : യു.എസിന്റെ മദ്ധ്യസ്ഥതയിൽ പ്രാബല്യത്തിൽ വന്ന സമാധാന കരാർ ലംഘിച്ച് അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടി തായ്‌ലൻഡും കംബോഡിയയും. കംബോഡിയ പ്രകോപനം സൃഷ്ടിച്ചെന്ന് കാട്ടി തായ് സൈന്യം ഇന്നലെ പുലർച്ചെ കംബോഡിയയുടെ അതിർത്തി പ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തുകയായിരുന്നു. കംബോഡിയയിൽ 4 സാധാരണക്കാർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു. തായ് എഫ് - 16 യുദ്ധ വിമാനങ്ങളുടെ ആക്രമണത്തിനൊപ്പം കനത്ത ഷെല്ലാക്രമണവുമുണ്ടായി.
കംബോഡിയയുടെ വെടിവയ്പിൽ തങ്ങളുടെ സൈനികൻ കൊല്ലപ്പെട്ടതിന്റെ തിരിച്ചടിയാണ് വ്യോമാക്രമണമെന്ന് തായ്‌ലൻഡ് പ്രതികരിച്ചു. നിരവധി സൈനികർക്ക് പരിക്കേറ്റെന്നും പരമാധികാരം ഉറപ്പാക്കും വരെ ആക്രമണം തുടരുമെന്നും തായ്‌ലൻഡ് കൂട്ടിച്ചേർത്തു.
അതേ സമയം, തായ്‌ലൻഡിന്റെ ആരോപണങ്ങൾ കംബോഡിയ നിഷേധിച്ചു. പ്രകോപനമില്ലാതെയാണ് തങ്ങളെ ആക്രമിച്ചതെന്നും അവർ ആരോപിച്ചു. ഇതിനിടെ, അതിർത്തി പ്രദേശങ്ങളിലേക്ക് പോകരുതെന്ന് ഇരുരാജ്യങ്ങളിലുമുള്ള പൗരന്മാർക്ക് യു.എസ് മുന്നറിയിപ്പ് നൽകി. തായ്‌ലൻഡും കംബോഡിയയും സംയമനം പാലിക്കണമെന്ന് മലേഷ്യ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ജൂലായിൽ ഇരുരാജ്യങ്ങൾക്കുമിടെയിൽ രൂക്ഷമായ അതിർത്തി സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ടതോടെ ഇരുരാജ്യങ്ങളും വെടിനിറുത്താൻ തയ്യാറായി. ഒക്ടോബർ അവസാനം ആസിയാൻ ഉച്ചകോടിയ്ക്കിടെ ട്രംപിന്റെ സാന്നിദ്ധ്യത്തിൽ ഇരുരാജ്യങ്ങളും അതിർത്തി സംഘർഷം പരിഹരിക്കാനുള്ള സമാധാന കരാറിൽ ഒപ്പിടുകയും ചെയ്തു.
# ജനങ്ങളെ ഒഴിപ്പിച്ചു
ഇരുരാജ്യങ്ങളും അവരുടെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചു. തായ് ഗ്രാമങ്ങളിൽ നിന്ന് മാത്രം 4,38,000 പേരെ താത്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. കംബോഡിയൻ സൈന്യം റോക്കറ്റാക്രമണം നടത്തിയെന്ന് തായ്‌ലൻഡ് അവകാശപ്പെട്ടെങ്കിലും തങ്ങൾ തിരിച്ചടിച്ചില്ലെന്നാണ് കംബോഡിയയുടെ വാദം. കംബോഡിയയിൽ പ്രേ വിഹിയർ, ഒദ്ദാർ മീഞ്ചെ പ്രവിശ്യകളിലും തായ്‌ലൻഡിൽ സിസാകെറ്റ്, സുരിൻ, ബുരി റാം പ്രവിശ്യകളിലുമാണ് ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തത്. യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളിലൊന്നായ പ്രേ വിഹിയർ ക്ഷേത്രത്തോട് ചേർന്ന പ്രദേശങ്ങളിൽ തായ്ലൻഡ് വ്യോമാക്രമണം നടത്തിയെന്ന് കംബോഡിയ ആരോപിച്ചു.
# സംഘർഷത്തിന്റെ വഴികൾ
ജൂലായി 24 - അതിർത്തിയിൽ തായ്-കംബോഡിയൻ സൈന്യം ഏറ്റുമുട്ടൽ തുടങ്ങി. ഇരുരാജ്യങ്ങളുടെയും അതിർത്തി പ്രദേശങ്ങളിലായി 48 പേർ കൊല്ലപ്പെട്ടു
ജൂലായി 28 - യു.എസിന്റെ ഏകോപനത്തോടെ മലേഷ്യയിൽ മദ്ധ്യസ്ഥ ചർച്ച. വെടിനിറുത്തൽ നടപ്പാക്കി. സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ യു.എസ് വ്യാപാര കരാറിൽ ഏർപ്പെടില്ലെന്ന മുന്നറിയിപ്പ് ഇരുരാജ്യങ്ങൾക്കും ട്രംപ് നൽകി
ഒക്ടോബർ 26 - മലേഷ്യയിൽ ആസിയാൻ ഉച്ചകോടിയിൽ ട്രംപിന്റെ അദ്ധ്യക്ഷതയിൽ, വെടിനിറുത്തൽ കരാറിൽ തായ്‌ലൻഡ് പ്രധാനമന്ത്രി അനുതിൻ ചരൺവിരാകുലും കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റും ഒപ്പിട്ടു. ഇരു രാജ്യങ്ങളുമായി യു.എസ് വ്യാപാര കരാറുകളിലും ഒപ്പിട്ടു