അരിയുടെ പേരിൽ ഇന്ത്യയ്‌ക്കെതിരെ പുത്തൻ തീരുവ ചുമത്തുമെന്ന മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അരിക്ക് പുതിയ തീരുവ എർപ്പെടുത്തുന്ന കാര്യം പരിഗണനയിലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള അരിക്ക് സബ്സിഡി നൽകി യുഎസ് വിപണിയിൽ കുറഞ്ഞ വിലയ്ക്കു തള്ളുകയും തങ്ങളുടെ ആഭ്യന്തര വിലകളെ ഇത് തകർക്കുകയാണെന്നും യുഎസിലെ കർഷകർ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി.അമേരിക്കൻ കർഷകർക്ക് 12 ബില്യൺ ഡോളറിന്റെ സഹായ പാക്കേജ് പ്രഖ്യാപിക്കുന്ന വൈറ്റ്ഹൗസ് വട്ടമേശ ചർച്ചയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കാനഡയിൽ നിന്നുള്ള വളം അടക്കമുള്ള കാർഷിക ഉൽപ്പന്നങ്ങൾക്കും പുതിയ തീരുവ ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം കോപ്പുകൂട്ടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സബ്സിഡി നൽകിയുള്ള അരികളുടെ ഇറക്കുമതി യുഎസ് വിപണികളെ തകർക്കുകയും ആഭ്യന്തര വിലകൾ കുറയ്ക്കുകയും ചെയ്യുന്നതായി യോഗത്തിൽ പങ്കെടുത്ത കർഷകർ ട്രംപിനോട് പരാതിപ്പെട്ടു. ഇത് 'ചതിയാണ്' എന്ന് ട്രംപ് കർഷകരോട് പ്രതികരിക്കുകയും തീരുവകൾ ഏർപ്പെടുത്താനുള്ള സാദ്ധ്യതകളെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു. ഇന്ത്യ, തായ്‌ലൻഡ്, ചൈന എന്നീ രാജ്യങ്ങളാണ് പ്രധാനമായും കുറഞ്ഞ വിലയ്ക്ക് അരി വിപണിയിൽ എത്തിക്കുന്നതെന്ന് ലൂസിയാന ആസ്ഥാനമായുള്ള കെന്നഡി റൈസ് മില്ലിന്റെ സിഇഒ മെറിൽ കെന്നഡി ട്രംപിനെ അറിയിച്ചു. തെക്കൻ പ്രദേശങ്ങളിലെ കർഷകർ പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
'തീരുവകൾ നന്നായി തന്നെ പ്രവർത്തിക്കുന്നുണ്ടെങ്കിലും അതിന്റെ ശക്തി ഇരട്ടിയാക്കണമെന്ന് മെറിൽ കെന്നഡി ആവശ്യപ്പെട്ടു. ഇതുകേട്ട് ട്രംപ്, നിങ്ങൾക്ക് ഇനിയും കൂടുതൽ വേണമോയെന്ന് അൽപ്പം അത്ഭുതത്തോടെ ചോദിച്ചു. തുടർന്ന്, ന്യായമല്ലാത്ത രീതിയിൽ അമേരിക്കൻ കർഷകരുമായി മത്സരിക്കുന്ന രാജ്യങ്ങളുടെ പേര് എഴുതിയെടുക്കാൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിനോട് ട്രംപ് ആവശ്യപ്പെട്ടു. ട്രഷറി സെക്രട്ടറി വീണ്ടും ഇന്ത്യ, തായ്‌ലൻഡ്, ചൈന എന്നീ രാജ്യങ്ങളാണ് പ്രധാനമായും കുറഞ്ഞ വിലയ്ക്ക് അരി വിൽക്കുന്നതെന്ന് പ്രത്യേകം എടുത്തുപറഞ്ഞു. ഈ പ്രശ്നം താൻ വേഗത്തിൽ 'പരിഹരിക്കാം' എന്ന് ട്രംപ് കർഷകർക്ക് ഉറപ്പ് നൽകുകയും ചെയ്തു.
വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഉഭയകക്ഷി വ്യാപാര കരാർ (ബിടിഎ) ചർച്ചകൾക്കായി യുഎസ് വ്യാപാര പ്രതിനിധി കാര്യാലയത്തിലെ മുതിർന്ന പ്രതിനിധി സംഘം ഈ ആഴ്ച ഇന്ത്യയിലെത്തും. ഡെപ്യൂട്ടി യുഎസ്ടിആർ റിക്ക് സ്വിറ്റ്സർ നയിക്കുന്ന സംഘം നാളെയും മറ്റന്നാളും ചർച്ചകൾ നടത്തും. ഇന്ത്യയുടെ ചീഫ് നെഗോഷിയേറ്ററും വാണിജ്യ സെക്രട്ടറിയുമായ രാജേഷ് അഗർവാളാണ് ഇന്ത്യൻ പക്ഷത്തെ നയിക്കുക.
ഈ വർഷാവസാനത്തോടെ ബിടിഎയുടെ ആദ്യ ഘട്ടം പൂർത്തിയാക്കാൻ സാധിക്കാൻ കഴിയുമെന്ന കാര്യത്തിൽ താൻ വളരെയധികം ആത്മവിശ്വാസത്തിലാണെന്ന് അഗർവാൾ നവംബർ 28ന് ഫിക്കി (എഫ് ഐസിസിഐ) വാർഷിക പൊതുയോഗത്തിൽ പറഞ്ഞിരുന്നു. ഓഗസ്റ്റിൽ 50ശതമാനം തീരുവയാണ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ട്രംപ് ചുമത്തിയിരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നേരത്തെയും വിള്ളലുകൾ വീണിരുന്നു.