ജോളിയ്ക്ക് തുണയായി ആളൂർ എത്തിയേക്കും, സഹോദരനുൾപ്പെടെ സഹായിക്കില്ലെന്ന് ആവർത്തിക്കുമ്പോൾ രക്ഷിക്കാനാവശ്യപ്പെട്ട് അടുത്ത ബന്ധു
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ രക്ഷിക്കാൻ അഡ്വ. ബി.എ ആളൂർ എത്തിയേക്കുമെന്ന് സൂചന. ജോളിയുടെ അടുത്ത ബന്ധുക്കൾ തന്നെ സമീപിച്ചിരുന്നെന്ന് ആളൂർ പറഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ് മുന്നോട്ട് പോകുന്നതെന്നും പുരോഗതി അറിഞ്ഞതിന് ശേഷം മാത്രം മുന്നോട്ട് പോയാൽ മതിയെന്നാണ് ബന്ധുക്കൾ തന്നോട് പറഞ്ഞതെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
ബന്ധുക്കൾ ആവശ്യപ്പെട്ടാൽ തീർച്ചയായും കേസുമായി മുന്നോട്ട് പോകുമെന്നും ആളൂർ വ്യക്തമാക്കി.പ്രാഥമിക അന്വേഷണം അവസാനിക്കാൻ 15 ദിവസമെങ്കിലും വേണം അതിനു മുമ്പ് ഒന്നും ഒന്നും പറയാൻ സാധിക്കില്ലെന്നും ആളൂർ കൂട്ടിച്ചേർത്തു.
പെരുമ്പാവൂരിലെ ജിഷ വധക്കേസിലും, സൗമ്യ വധക്കേസിലുമൊക്കെ പ്രതികൾക്ക് വേണ്ടി ഹാജരായ ആളൂർ അന്ന് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. സൗമ്യയെ ക്രാരമായി കൊലചെയ്ത ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു.
സഹോദരനും രണ്ടാം ഭർത്താവ് ഷാജുവും ഉൾപ്പെടെയുള്ളവർ ജോളിയ്ക്ക് നിയമ സഹായം നൽകാൻ ഒന്നും ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. അപ്പോൾ പിന്നെ ആളൂരിനെ സമീപിച്ച ആ അടുത്ത ബന്ധു ആരാണ് എന്ന ചോദ്യമാണ് ഉയരുന്നത്.