ആൺകുട്ടി മാത്രം ജനിക്കാൻ മരുന്ന് കുടിപ്പിച്ചു, പിന്നീട് ബലാത്സംഗം; പൊലീസുകാരി നേരിട്ടത് കൊടും ക്രൂരതകൾ

Tuesday 09 December 2025 11:36 AM IST

പിലിഭിത്ത്: 27കാരിയായ പൊലീസ് ഉദ്യോഗസ്ഥയ്ക്കു നേരെ ഭർതൃവീട്ടുകാരുടെ പീഡനം. സ്ത്രീധനം അടക്കമുള്ള കാര്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ടാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് സംഭവം. നിർബന്ധിച്ച് സാനിറ്റൈസർ കുടിപ്പിക്കുകയും തോക്കിൻ മുനയിൽ നിർത്തി ഭർത്താവിന്റെ സഹോദരൻ ബലാത്സംഗം ചെയ്തുവെന്നുമാണ് യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്. ഭർത്താവിനും മറ്റ് ആറ് ബന്ധുക്കൾക്കുമെതിരെയാണ് ഉദ്യോഗസ്ഥ പരാതി നൽകിയിരിക്കുന്നത്. 2023 ജനുവരി 26ന് വിവാഹം നടന്ന ശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നു.

'ഭർത്താവിന്റെ സഹോദരൻ പലതവണ ഉപദ്രവിച്ചു. തോക്കിൻമുനയിൽ നിർത്തി ബലാത്സംഗം ചെയ്തു. ഈ സംഭവത്തിൽ മുമ്പ് പൊലീസ് കേസെടുത്തിരുന്നു.ഭർതൃസഹോദരിയുമായുള്ള അവിഹിത ബന്ധം കണ്ടുപിടിച്ചപ്പോൾ നിർബന്ധിച്ച് സാനിറ്റൈസർ കുടിപ്പിച്ചു. ഇതിനെതുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നിട്ടുണ്ട്'- യുവതി പരാതിയിൽ പറയുന്നു.

ആൺകുട്ടിക്ക് മാത്രമേ ജന്മം നൽകാവൂ എന്ന് നിർബന്ധമുള്ളതിനാൽ, ഗർഭകാലത്ത് ഭ്രൂണ പരിവർത്തനത്തിനുള്ള മരുന്നുകൾ കഴിക്കാൻ ഭർത്താവും ഭർതൃപിതാവും നിർബന്ധിച്ചു. ഇത് നിരസിച്ചപ്പോൾ ആക്രമിക്കപ്പെടുകയും കുഞ്ഞിന് ഗർഭപാത്രത്തിൽ വച്ചുണ്ടായ പരിക്കുകൾ മൂലം അപസ്മാരം ബാധിച്ചതായും യുവതി പരാതിയിൽ പറഞ്ഞു. കുഞ്ഞിന്റെ ഭാവി ഓർത്താണ് ഇത്രയും കാലം എല്ലാം സഹിച്ചതെന്നും, എന്നാൽ ഇപ്പോൾ ഭർത്താവ് വിവാഹമോചനത്തെ ചൊല്ലി ഭീഷണിപ്പെടുത്തുകയാണെന്നും യുവതി പരാതിയിൽ പറയുന്നു.