സ്വയം കുഴിച്ച കുഴിയിൽ പാകിസ്ഥാൻ വീഴും? തീരുമാനത്തിലുറച്ച് മന്ത്രി, അബദ്ധമെന്ന് വിദഗ്ദ്ധർ

Tuesday 09 December 2025 1:02 PM IST

പാകിസ്ഥാനും വിഭജനം എന്ന വാക്കും കേൾക്കുമ്പോൾ 1971ലെ സംഭവമായിരിക്കും എല്ലാവർക്കും ഓർമവരുന്നത്. ഈ സമയത്താണ് ബംഗ്ലാദേശ് വിമോചനയുദ്ധം നടക്കുന്നത്. കിഴക്കൻ പാകിസ്ഥാനിലെ ജനങ്ങൾ പാകിസ്ഥാൻ സൈന്യത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ നടത്തിയ സമരമാണിത്. ഒടുവിൽ 1971 ഡിസംബർ 16ന് പാകിസ്ഥാൻ സൈന്യം കീഴടങ്ങി. അന്ന് കിഴക്കൻ പാകിസ്ഥാൻ വിഭജിച്ച് ബംഗ്ലാദേശ് എന്ന പുതിയൊരു രാജ്യമായി മാറി. ഇപ്പോഴിതാ വീണ്ടും പാകിസ്ഥാൻ വിഭജിക്കാൻ പോകുന്നുവെന്നാണ് റിപ്പോർട്ട്. എന്നാലിത് മുമ്പത്തെ പോലെയല്ല. വ്യത്യസ്‌തമായ വിഭജനമാണ്.

രാജ്യത്തെ ചെറിയ പ്രവിശ്യകൾ ആക്കി തിരിക്കുകയാണ് ഇതിലൂടെയെന്ന് പാകിസ്ഥാന്റെ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് മന്ത്രി അബ്‌ദുൾ അലീം ഖാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ നീക്കം ഭരണം മെച്ചപ്പെടുത്തുകയും ജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്നത് എളുപ്പത്തിലാക്കുകയും ചെയ്യുമെന്നാണ് മന്ത്രിയുടെ വാദം. എന്നാൽ, പാകിസ്ഥാനിൽ പ്രവിശ്യകളെ ഇനിയും വിഭജിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ഇത്തരത്തിൽ പ്രവിശ്യകളുടെ എണ്ണം കൂട്ടുന്നതിന് വേണ്ടിയുള്ള ചർച്ചകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടന്നുവരികയാണ്. 1957ൽ സ്വാതന്ത്ര്യം ലഭിച്ചപ്പോൾ രാജ്യത്ത് അഞ്ച് പ്രവിശ്യകളുണ്ടായിരുന്നു. കിഴക്കൻ ബംഗാൾ, പടിഞ്ഞാറൻ പഞ്ചാബ്, സിന്ധ്, വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യ, ബലൂചിസ്ഥാൻ എന്നിവയായിരുന്നു അത്. 1971ലെ വിമോചന യുദ്ധത്തിന് ശേഷം കിഴക്കൻ ബംഗാൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബംഗ്ലാദേശ് ആയിത്തീർന്നു. പശ്ചിമ പഞ്ചാബ് പഞ്ചാബായി. വടക്കുപടിഞ്ഞാറൻ പ്രവിശ്യ ഖൈബർ പഖ്‌തുൻഖ്വ എന്നും പുനർനാമകരണപ്പെട്ടു. സിന്ധും ബലൂചിസ്ഥാനും മാറ്റമില്ലാതെ തുടർന്നു.

പുതിയ പ്രവിശ്യകൾ

ബലൂചിസ്ഥാൻ, ഖൈബർ പഖ്‌തുൻഖ്വ എന്നിവിടങ്ങളിൽ സംഘർഷം നടക്കുന്ന സാഹചര്യത്തിലാണ് പാകിസ്ഥാൻ കൂടുതൽ പ്രവിശ്യകളായി തരംതിരിക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നത്. പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനുമെതിരെ ഈ പ്രവിശ്യകളിൽ എതിർപ്പ് ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് വിഭജനം നടക്കുന്നത്.

പ്രവിശ്യകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സെമിനാറുകൾ, മാദ്ധ്യമ ചർച്ചകൾ, അഭിപ്രായ സർവേകൾ എന്നിവ നടത്തിയ ശേഷമാണ് മന്ത്രി അബ്‌ദുൾ അലീം ഖാന്റെ പ്രസ്‌താവന വരുന്നതെന്ന് പാകിസ്ഥാൻ ദിനപത്രമായ ഡോണിലെ റിപ്പോർട്ടിൽ പറയുന്നത്. സിന്ധ്, പഞ്ചാബ്, ബലൂചിസ്ഥാൻ, ഖൈബർ പഖ്‌തുൻഖ്വ എന്നിവിടങ്ങളിൽ നിന്ന് പുതിയ മൂന്ന് പ്രവിശ്യകൾ വീതം സൃഷ്‌ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ അയൽ രാജ്യങ്ങളിലെല്ലാം നിരവധി ചെറിയ പ്രവിശ്യകളുണ്ടെന്നും ഖാൻ പറഞ്ഞു.

അബ്‌ദുൾ അലീം ഖാൻ നേതാവായ ഇസ്തെഖാം -ഇ-പാകിസ്ഥാൻ പാർട്ടി, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ സിവിലിയൻ സർക്കാരിന്റെ ഭാഗമാണ്. എന്നാൽ, ബിലാവൽ ഭൂട്ടോ സർദാരിയുടെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) പാകിസ്ഥാൻ സർക്കാരിന്റെ വലിയൊരു ഘടകമാണ്. പിപിപി പണ്ടുമുതലേ സിന്ധ് വിഭജനത്തെ എതിർക്കുകയാണ്. പ്രവിശ്യ മൂന്നാക്കി വിഭജിക്കാനുള്ള ഒരു നീക്കവും തന്റെ പാർട്ടി അംഗീകരിക്കില്ലെന്ന് സിന്ധിന്റെ മുഖ്യമന്ത്രിയും പിപിപി നേതാവുമായ മുറാദ് അലി ഷാ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിന് മുമ്പും ഇത്തരത്തിൽ പുതിയ പ്രവിശ്യകൾ രൂപീകരിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും യാഥാർത്ഥ്യമായിട്ടില്ല. എന്നാൽ, ഇത്തവണ സിന്ധ് ആസ്ഥാനമായുള്ള മുത്തഹിദ ക്വാമി മൂവ്‌മെന്റ്-പാകിസ്ഥാൻ (എംക്യുഎം-പി) ഉൾപ്പെടെ പ്രധാനമന്ത്രിയുടെ സഖ്യത്തിലെ നിരവധി പാർട്ടികൾ ഈ നിർദേശത്തെ പിന്തുണച്ചിട്ടുണ്ട്.

കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചേക്കാം

ഗുണത്തേക്കാളേറെ ദോഷങ്ങളാകും ഈ വിഭജനത്തിലൂടെ പാകിസ്ഥാന് ഉണ്ടാകാൻ പോകുന്നതെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ ഇനിയും വിഭജിക്കുന്നതിലൂടെ അസമത്വങ്ങൾ കൂടുതൽ വഷളായേക്കാമെന്നും അവർ പറഞ്ഞു. പുതിയ പ്രവിശ്യകൾ സൃഷ്‌ടിക്കുന്നതിലൂടെ രാജ്യത്ത് കൂടുതൽ സാമ്പത്തിക പ്രശ്‌നമുണ്ടായേക്കാമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.