പുരുഷന്മാരിൽ സ്തനങ്ങൾ വളർത്തും, മുന്നറിയിപ്പ് നൽകാതെ മരുന്ന് വിറ്റ ജോൺസൻ ആൻഡ് ജോൺസണിന് 800 കോടി രൂപ പിഴ!

Wednesday 09 October 2019 11:43 AM IST

ന്യൂയോർക്ക്: പുരുഷന്മാരിൽ സ്തനങ്ങൾ വളരാൻ ഇടയാകും എന്ന് മുന്നറിയിപ്പ് നൽകാതെ മരുന്നുണ്ടാക്കി വിറ്റ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്ക് മേലെ ചുമത്തിയ പിഴത്തുക കൂട്ടി കോടതി. സ്‌കിത്സോഫ്രീനിയ, 2015ൽ ബൈപോളാർ ഡിസോർഡർ എന്നിവയ്ക്ക് നൽകുന്ന മരുന്നായ 'ഡിസ്‌പെർഡാൽ' കഴിച്ചതിനാൽ തന്റെ ശരീരത്തിൽ സ്തനങ്ങൾ വളർന്നുവെന്ന് കാട്ടി നിക്കോളാസ് മുറെ എന്നൊരാൾ അമേരിക്കയിലെ ഒരു കോടതിയെ സമീപിക്കുകയും ഇയാൾക്ക് 1.5 മില്ല്യൺ ഡോളർ ജോൺസൺ ആൻഡ് ജോൺസൺ പിഴ നൽകാൻ കോടതി വിധിക്കുകയും ചെയ്തിരുന്നു.

എന്നാൽ 2018ൽ മറ്റൊരു കോടതി ഈ തുക വെട്ടിക്കുറച്ചിരുന്നു. ഇപ്പോൾ ഫിലാഡൽഫിയ ഹൗസ് ഒഫ് കോമൺ പ്ലിയാസ് ആണ് ജോൺസൺ ആൻഡ് ജോൺസൺ നൽകേണ്ട പിഴ 8 ബില്ല്യൺ ഡോളറായി(800 കോടി രൂപ) ഉയർത്തിയത്. രോഗികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും യാതൊരു പ്രാധാന്യം നൽകാതെ ലാഭേച്ഛയോടെ മാത്രം വ്യവസായം നടത്തുന്ന കമ്പനി എന്നാണ് ജോൺസൺ ആൻഡ് ജോൺസണെ കോടതി വിശേഷിപ്പിച്ചത്.

നിക്കോളാസിന് പുറമെ ഇതേ മരുന്ന് കഴിച്ച് കുഴപ്പത്തിലായ നിരവധി പേർ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ഹർജികളും കോടതി പരിഗണിക്കാനിരിക്കുകയാണ്. താൻ പ്രായപൂർത്തിയാകുന്നതിന് മുൻപേയാണ് മാനസിക അസ്വാസ്ഥ്യങ്ങൾക്ക് നിക്കോളാസ് ഈ മരുന്നുകൾ കഴിച്ചിരുന്നത്. മുൻപ് ഫോർമൽഡീഹൈഡ്, ആസ്‌ബറ്റോസ്‌ എന്നിവ തങ്ങളുടെ വിവിധ ഉത്‌പന്നങ്ങളിൽ ഉപയോഗിക്കുന്നതായി കാണിച്ച് ജോൺസൺ ആൻഡ് ജോൺസണ് എതിരെ പരാതികൾ ഉയർന്നിരുന്നു.