156 മില്യൺ ഡോളർ കൈക്കൂലി വാങ്ങി: മുൻ‌ ഉന്നത സർക്കാർ ഉദ്യോഗസ്ഥനെ വധശിക്ഷയ്‌ക്ക് വിധേയനാക്കി ചൈന

Tuesday 09 December 2025 7:42 PM IST

ബീജിംഗ്: സർക്കാർ നിയന്ത്രണത്തിലുള്ള ഉന്നത ആസ്‌തി മാനേജ്‌മെന്റ് സ്ഥാപനത്തിലെ മുൻ ജനറൽ മാനേജരെ വധശിക്ഷയ്‌ക്ക് വിധേയനാക്കി ചൈന. സർക്കാർ നിയന്ത്രണത്തിലെ ചൈന ഹുവാറോംഗ് ഇന്റർനാഷണൽ ഹോൾഡിംഗ്‌സ് (സിഎച്ച്ഐഎച്ച്) മുൻ മാനേജർ ബായി തിയാൻഹുയിയെ ആണ് ചൈനീസ് സർക്കാർ വധശിക്ഷയ്‌ക്ക് വിധേയനാക്കിയത്. സിഎച്ച്‌ഐഎച്ച് മേധാവിയായിരിക്കെ 2014നും 2018നുമിടയിൽ വിവിധ പദ്ധതികൾ ഏറ്റെടുക്കാനും ധനസഹായത്തിനും വേണ്ടി അനുകൂല നിലപാടെടുക്കാൻ 156 മില്യൺ ഡോളറിലധികം കൈക്കൂലി ബായി തിയാൻഹു വാങ്ങിയ സംഭവത്തിലാണ് ശിക്ഷയെന്ന് ചൈനീസ് സർക്കാർ നിയന്ത്രിത ചാനലായ സിസിടിവി റിപ്പോർട്ട് ചെയ്യുന്നു.

കിട്ടാക്കടം നിയന്ത്രിക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ ആസ്‌തി മാനേജ്‌മെന്റ് സ്ഥാപനമായ ചൈന ഹുവാറോംഗ് അസറ്റ് മാനേജ്‌മെന്റിന്റെ അനുബന്ധ സ്ഥാപനമാണ് സിഎച്ച്ഐഎച്ച്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ അഴിമതി വിരുദ്ധ നടപടികളിൽ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഹുവാറോംഗ് ആയിരുന്നു. മുൻപ് 2021ൽ സ്ഥാപനത്തിന്റെ മുൻ ചെയർമാൻ ലായ് ഷിയോമിന്റെ വധശിക്ഷ നടപ്പാക്കിയിരുന്നു. 253 മില്യൺ ഡോളറിന്റെ അഴിമതി നടത്തിയതിനായിരുന്നു ശിക്ഷ. അഴിമതി നിരോധന അന്വേഷണത്തെ തുടർന്ന് നിരവധി മറ്റ് ഉദ്യോഗസ്ഥരെയും വധിച്ചു.

സാധാരണയായി ചൈനയിൽ അഴിമതിയ്‌ക്ക് വധശിക്ഷ വിധിച്ചാൽ പലപ്പോഴും രണ്ട് വർഷം സാവകാശം നൽകുകയും പിന്നീട് ജീവപര്യന്തമായി ശിക്ഷവിധിക്കുന്നതാണ് പതിവ്. എന്നാൽ ബായി തിയാൻഹുവിന് 2024ൽ വിധിച്ച ശിക്ഷയ്‌ക്ക് സാവകാശം നൽകിയില്ല. ഇതിനെതിരെ ബായി അപ്പീൽ നൽകിയെങ്കിലും ഫെബ്രുവരി മാസത്തിൽ ഇത് തള്ളി. ചൈനയിലെ സുപ്രീം കോടതി 'കേസ് വളരെ ഗൗരവമാർന്നത്' എന്ന് രേഖപ്പെടുത്തിയാണ് അപ്പീൽ തള്ളിയത്.

വലിയ അളവിൽ ബായി കൈക്കൂലി വാങ്ങിയെന്നും ഈ പ്രവർത്തി ചെയ്യാനുള്ള സാഹചര്യം വളരെ ഗൗരവകരമാണെന്നും ഇതിന്റെ സാമൂഹിക ആഘാതം വലുതായിരിക്കും എന്ന കുറിപ്പോടെയാണ് കോടതി ഇയാളുടെ ഹർജി തള്ളിയത്. ചൊവ്വാഴ്‌ച പുലർച്ചെ ഇയാളെ വധശിക്ഷയ്‌ക്ക് വിധേയനാക്കി. ഇതിനുമുൻപ് അടുത്ത ബന്ധുക്കളെ കാണാൻ അനുവദിച്ചു. രാജ്യത്തെ‌ അഴിമതി തുടച്ചുനീക്കാൻ ഈ നടപടി നല്ലതെന്ന് പലരും വാദിക്കുമ്പോൾ ഷി ജിൻപിംഗ് തന്റെ രാഷ്‌ട്രീയ ശത്രുക്കളെ ഇത്തരത്തിൽ വധിക്കുന്നു എന്നാണ് വിമർശകർ പറയുന്നത്.