'പിങ്കിൽ' തിളങ്ങി ബൂത്തും ഉദ്യോഗസ്ഥരും
തിരുവനന്തപുരം: തലസ്ഥാനത്തെ വോട്ടെടുപ്പ് ദിനം പിങ്കണിഞ്ഞ് തിരഞ്ഞെടുപ്പ് ബൂത്തും, ഉദ്യോഗസ്ഥരും.വഞ്ചിയൂർ സെന്റ് ജോസഫ് സ്കൂളിലെ പിങ്ക് ബൂത്തിലെ വോട്ടെടുപ്പാണ് കൗതുകമായത്.
പിങ്ക് നിറത്തിലുള്ള കർട്ടനുകളും,മേശവിരികളുമായി അണിഞ്ഞൊരുങ്ങിയ ഈ ബൂത്ത് പൂർണമായും നിയന്ത്രിച്ചത് വനിതാ ഉദ്യോഗസ്ഥരാണ്.
ബൂത്തിലേക്ക് കയറുന്നതിനോടു ചേർന്ന് പിങ്ക് ബലൂണുകൾ ആർച്ചിന്റെ രൂപത്തിൽ ഒരുക്കിയിരുന്നു.ഇത് ബൂത്തിന്റെ മുഖ്യാകർഷണമായി.
ബൂത്തിനുള്ളിലെ ഉദ്യോഗസ്ഥരും പിങ്ക് വസ്ത്രമണിഞ്ഞു.'വോട്ടെടുപ്പിന്റെ തലേദിവസം വന്നു നോക്കുമ്പോൾ ഇലക്ഷൻ കമ്മീഷൻ ബൂത്ത് പിങ്ക് നിറത്തിൽ അലങ്കരിച്ചത് കണ്ടു,എന്നാൽ ഞങ്ങളും ആ നിറത്തിലുള്ള വസ്ത്രമണിയാമെന്ന് കരുതി'... പ്രിസൈഡിംഗ് ഓഫീസർ അരുണിമ.എസ്.ജെ പറഞ്ഞു.
വോട്ട് ചെയ്യാനെത്തിയ കന്നി വോട്ടർമാർക്ക് പ്രത്യേക സ്വീകരണമൊരുക്കിയിരുന്നു.മധുരം നൽകിയാണ് അവരെ വരവേറ്റത്.കൗതുക അന്തരീക്ഷത്തിൽ കന്നിവോട്ട് ചെയ്തതിന്റെ സന്തോഷത്തിലായിരുന്നു യുവതലമുറ.
കൂടാതെ കൈക്കുഞ്ഞുമായി വരുന്ന അമ്മമാർക്ക് വിശ്രമിക്കാനായി പ്രത്യേകം മുറിയും കുട്ടികൾക്കായി പ്രത്യേകം ഇരിപ്പിടവും ഇവിടെ സജ്ജീകരിച്ചിരുന്നു.ഒന്നാം പോളിംഗ് ഓഫീസർ ഷാലു.വി.എസ്,പോളിംഗ് ഓഫീസർമാരായ നിജി.പി.എസ്,അജിത കുമാരി.വി,സുധകുമാരി.എസ് തുടങ്ങിയവരായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു വനിതാ ഉദ്യോഗസ്ഥർ.