ജപ്പാനിൽ ഇപ്പോഴുണ്ടായത് ഒന്നുമല്ല, എട്ട് തീവ്രതയിലുള്ള വമ്പൻ ഭൂകമ്പങ്ങൾ വരുന്നെന്ന് മുന്നറിയിപ്പ്

Tuesday 09 December 2025 8:53 PM IST

ടോക്കിയോ: 7.5 റിക്ടർ സ്‌കെയിൽ തീവ്രതയിലെ ഭൂകമ്പത്തിനും സുനാമി മുന്നറിയിപ്പിനും പിന്നാലെ 'മെഗാക്വേക്ക് ' ഭീതിയിൽ ജപ്പാൻ. 8.0 അല്ലെങ്കിൽ അതിൽ കൂടുതൽ റിക്ടർ സ്‌കെയിൽ തീവ്രതയിലുണ്ടാകുന്ന ശക്തമായ ഭൂകമ്പങ്ങളാണ് മെഗാക്വേക്ക്. ഈ ആഴ്ച രാജ്യത്തുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് ജാപ്പനീസ് കാലാവസ്ഥാ ഏജൻസിയുടെ മുന്നറിയിപ്പ്. 2022ൽ ഏജൻസി മെഗാക്വേക്ക് നിരീക്ഷണ സംവിധാനം അവതരിപ്പിച്ച ശേഷം ആദ്യമായാണ് ഇത്തരം മുന്നറിയിപ്പ് നൽകുന്നത്. ഹൊക്കൈഡോയ്ക്ക് സമീപം കടലിൽ മെഗാക്വേക്കിന് സാദ്ധ്യതയുള്ളതിനാൽ പസഫിക് തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഏജൻസി വ്യക്തമാക്കി. അതേസമയം,തിങ്കളാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തിൽ 51 പേർക്ക് പരിക്കേറ്റെന്ന് അധികൃതർ അറിയിച്ചു. കെട്ടിടങ്ങൾക്കും റോഡുകൾക്കും കേടുപാടുണ്ട്.

എന്നാൽ മെഗാക്വേക്കിന് തീരെ ചെറിയ സാദ്ധ്യത മാത്രമാണുള്ളതെന്നും പരിഭ്രാന്തി വേണ്ടെന്നും മുന്നറിയിപ്പ് ഒരു മുൻകരുതൽ നടപടിയാണെന്നും ഏജൻസി ഓർമ്മിപ്പിച്ചു. മെഗാക്വേക്ക് അപൂർവ്വമാണെങ്കിലും കടലിൽ ഇവ ഉണ്ടാകുന്നത് ശക്തമായ സുനാമിയ്ക്ക് ഇടയാക്കും. അവോമോറി തീരത്ത് നിന്ന് 80 കിലോമീറ്റർ അകലെ കടലിൽ 7.5 റിക്ടർ സ്‌കെയിൽ തീവ്രതയിലായിരുന്നു ഭൂകമ്പം. പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും ഇന്നലെ രാവിലെ പിൻവലിച്ചു. ഹൊക്കൈഡോ, അവോമോറി, ഇവേറ്റ് പ്രവിശ്യകളിൽ 40 70 സെന്റീമീറ്റർ ഉയരത്തിലെ നേരിയ സുനാമിത്തിരകൾ റിപ്പോർട്ട് ചെയ്തു.