സൗഹൃദം ശക്തിപ്പെടുത്തിയ ഇന്ത്യ- റഷ്യ ഉച്ചകോടി

Wednesday 10 December 2025 2:35 AM IST

ഏത് പ്രതികൂല സാഹചര്യത്തിലും കൈവിടാതെ കൂടെ നിൽക്കുന്നതാവണം യഥാർത്ഥ സൗഹൃദം എന്നതിന് ഏറ്റവും മികച്ച ദൃഷ്ടാന്തമാണ് ദശാബ്ദങ്ങളായി തുടരുന്ന, ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം. ഇന്ത്യ - റഷ്യ ഉച്ചകോടിയുടെ ഭാഗമായി ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിനും തമ്മിൽ നടന്ന കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതായി മാറി.

'മെയ്‌ക്ക് ഇൻ ഇന്ത്യ" പദ്ധതിക്കു കീഴിൽ റഷ്യൻ ആയുധങ്ങളുടെയും പ്രതിരോധ ഉപകരണങ്ങളുടെയും ഘടകങ്ങൾ ഇന്ത്യയിൽ നിർമ്മിച്ച്,​ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ കൂടിക്കാഴ്ചയിൽ ധാരണയായത് ഇന്ത്യയ്ക്ക് സാമ്പത്തിക മേഖലയിലും പ്രതിരോധ മേഖലയിലും വലിയ നേട്ടങ്ങൾ സമ്മാനിക്കുന്നതാണ്. പ്രതിരോധം, ക്രൂഡ് ഓയിൽ മേഖലകളിൽ ശക്തമായിരുന്ന ബന്ധം മറ്റ് വാണിജ്യ മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന് പുട്ടിന്റെ സന്ദർശനം വഴി തുറന്നിരിക്കുകയാണ്.

കൃഷി, ആരോഗ്യം, മാരിടൈം, വിനോദസഞ്ചാരം, മരുന്നു നിർമ്മാണം തുടങ്ങിയ മേഖലകളിലും സഹകരണം ഉറപ്പാക്കുന്ന ധാരണാപത്രങ്ങൾ ഉച്ചകോടിയിൽ ഒപ്പിട്ടു. നിലവിലെ 6870 കോടി ഡോളറിന്റെ വാണിജ്യ ഇടപാടുകൾ 10,000 കോടി ഡോളറിലെത്തിക്കുകയാണ് പുതിയ കരാറുകളുടെ ലക്ഷ്യം.

ഇന്ത്യയിലെ കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് യൂറിയയുടെ ക്ഷാമം. ഇതിനൊരു പരിഹാരമെന്ന നിലയിൽ ഇരു രാജ്യങ്ങളിലെയും കമ്പനികൾ ചേർന്ന് യൂറിയ പ്ളാന്റ് നിർമ്മിക്കാൻ തീരുമാനമായി. ഇന്ത്യയിലെ മൂന്ന് പ്രമുഖ വളം കമ്പനികൾ റഷ്യയിലെ യുറാൽകെം എന്ന വമ്പൻ കമ്പനിയുമായി ചേർന്നാണ് റഷ്യയിൽ പ്ളാന്റ് സ്ഥാപിക്കുക. 120 കോടി ഡോളർ മുതൽമുടക്കുള്ള പ്ളാന്റിൽ പ്രതിവർഷം 20 ലക്ഷം ടൺ യൂറിയ നിർമ്മിക്കും. രണ്ടു വർഷത്തിനുള്ളിൽ പ്ളാന്റ് പ്രവർത്തനസജ്ജമാകും. അതോടെ ഇന്ത്യയിലെ കർഷകരുടെ യൂറിയ ക്ഷാമം എന്ന പ്രശ്നം ഏതാണ്ട് പൂർണമായി പരിഹരിക്കാനാവും.

തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയത്തിലെ ആറ് റിയാക്ടറുകളിൽ ഇപ്പോൾ രണ്ടെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. നിലയം പൂർണ നിലയിൽ പ്രവർത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായി ബാക്കി നാല് റിയാക്ടറുകളുടെയും നിർമ്മാണം പൂർത്തിയാക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രിക്കൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ പുട്ടിൻ വ്യക്തമാക്കി. നിലയം പൂർണ ശേഷി കൈവരിക്കുന്നത് ഇന്ത്യൻ ഊർജ്ജ മേഖലയ്ക്ക് വലിയ നേട്ടമാകുമെന്ന് പ്രതീക്ഷിക്കാം. ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുമെന്ന് ഇരു രാജ്യത്തലവന്മാരും വ്യക്തമാക്കി. ജമ്മുകാശ്‌മീരിലെ പഹൽഗാമിലും മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളിലും നടന്ന ഭീകരാക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര‌മോദിയും റഷ്യൻ പ്രസിഡന്റ് പുട്ടിനും അപലപിച്ചു.

ഇന്ത്യയിൽ നിന്ന് വിദഗ്ദ്ധ തൊഴിലാളികളും കമ്പനികളും റഷ്യയിലെത്തുന്നത് ഇത്തരം കാര്യങ്ങളിൽ റഷ്യയുടെ ചൈനീസ് ആശ്രിതത്വം കുറയ്ക്കാനും ഇടയാക്കും.

ഇന്ത്യയും ചൈനയും തമ്മിലുള്ള അസ്വാരസ്യങ്ങൾ ഇപ്പോഴും പൂർണമായും പരിഹരിക്കപ്പെട്ടുകഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ പുട്ടിന്റെ ഇന്ത്യാ സന്ദർശനത്തെ ആകാംക്ഷയോടെയാണ് ചൈന നിരീക്ഷിക്കുന്നത്. റഷ്യയുടെ ഏറ്റവും അടുത്ത കൂട്ടുകാരാണ് ഇന്ത്യയും ചൈനയുമെന്ന പുട്ടിന്റെ പരാമർശത്തിന് ചൈനീസ് ദേശീയ മാദ്ധ്യമമായ ഗ്ളോബൽ ടൈംസ് വലിയ പ്രാധാന്യമാണ് നൽകിയത്. റഷ്യയോട് ആഭിമുഖ്യമുള്ള ചൈന പുട്ടിന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. എന്തുകൊണ്ടും അമേരിക്കയേക്കാൾ ഇന്ത്യയ്ക്ക് വിശ്വസിക്കാവുന്ന സുഹൃത്ത് തന്നെയാണ് റഷ്യ എന്ന് ഒരിക്കൽക്കൂടി തെളിയിച്ചതായിരുന്നു ഇന്ത്യാ - റഷ്യ ഉച്ചകോടി.