പോളിംഗ് ശതമാനം കുറ‌ഞ്ഞു... ലോ വോട്ടേജ് : 70.91 %

Wednesday 10 December 2025 2:33 AM IST

കോട്ടയം : തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പോളിംഗ് കുറഞ്ഞത് മുന്നണികളെ നെഞ്ചിടിപ്പേറ്റുന്നു.

2020 ലെ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 73.89 ആയിരുന്നെങ്കിൽ ഇത്തവണ 70.91 ആണ്. പ്രചാരണത്തിന്റെ തുടക്കം മുതൽ കണ്ട മന്ദത വോട്ടിംഗിനെയും ബാധിച്ചു. ആദ്യമായാണ് പോളിംഗ് ഇത്രയും താഴുന്നത്. കഴിഞ്ഞ തവണ പോളിംഗ് ശതമാനം കുറഞ്ഞത് കൊവിഡ് മൂലമാണെന്ന് കരുതിയത് .എന്നാൽ പുതുതലമുറയുടെ വിദേശ കുടിയേറ്റവും വോട്ട് ചെയ്യാനുള്ള താത്പര്യക്കുറവും ബാധിച്ചതായാണ് വിലയിരുത്തൽ. ഉച്ചയോടെ അൻപത് ശതമാനം പേർ വോട്ട് ചെയ്തെങ്കിലും പിന്നീട് മന്ദീഭവിച്ചു. മലയോരത്തടക്കം രാവിലെ കണ്ട തിരക്ക് നിലനിന്നില്ല. എന്നാൽ ഇടതു പക്ഷത്തിന് സ്വാധീനമുള്ള മേഖലകളിൽ വോട്ടിംഗ് ശതമാനം ഉയർന്നുവെന്നത് ശ്രദ്ധേയമാണ്. ഒടുവിൽ കിട്ടിയ കണക്കുപ്രകാരം നഗരസഭകളിൽ ഈരാറ്റുപേട്ടയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് 85.71 %, കുറവ് ചങ്ങനാശേരിയിലും 68.08 %. ബ്ലോക്ക് അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് വൈക്കത്താണ് 79.02 %, ഏറ്റവും കുറവ് മാടപ്പള്ളിയിലും 67.08 %.

വോട്ട് ചെയ്തവർ 11,63,803 (ആകെ വോട്ടർമാർ 16,41,176 )

സ്ത്രീകൾ : 589243 (68.81%)

പുരുഷന്മാർ : 574556 (73.21%)

ട്രാൻസ്‌ജെൻഡേഴ്‌സ് : 4 (30.77%)