ശുഭ പ്രതീക്ഷയിൽ മുന്നണികൾ

Wednesday 10 December 2025 1:34 AM IST

കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂർത്തിയായപ്പോൾ വിജയപ്രതീക്ഷയിൽ മൂന്നുമുന്നണികളും. ആദ്യ പോളിംഗ് ശതമാനം കുറഞ്ഞത് ജയ -പരാജയത്തെ സ്വാധീനിക്കുമെന്ന പ്രതീക്ഷ ഒരു നേതാവും പ്രകടിപ്പിച്ചില്ല.

വൻഭൂരിപക്ഷം നേടും

ഇടതുമുന്നണി ബഹുഭൂരിപക്ഷം വാർഡുകളിലും വൻഭൂരിപക്ഷത്തോടെ വിജയിക്കും. 22 ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ 14 ഇടത്ത് വിജയിച്ചത് 15 ആക്കി ഉയർത്തും. 71 ഗ്രാമപഞ്ചായത്തുകളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം എൽ.ഡി.എഫ് നേടും. 11 ൽ 11 ബ്ലോക്കും പിടിക്കും. കഴിഞ്ഞ പ്രാവശ്യം ബി.ജെ.പി മുന്നേറിയ പള്ളിക്കത്തോട്, കിടങ്ങൂർ, മുത്തോലി പഞ്ചായത്തുകളിൽ എൽ.ഡി.എഫ് പ്രവർത്തനം ശക്തമാക്കിയതിനാൽ ബി.ജെപി ഇവിടെ അധികാരത്തിൽ വരില്ല. സർക്കാരിന്റെ സമ്പൂർണ്ണ വികസനവും, തികഞ്ഞ സാമൂഹ്യ ക്ഷേമ പദ്ധതികളും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്.

പ്രൊഫ. ലോപ്പസ് മാത്യു ( എൽ.ഡി.എഫ് ജില്ലാ കൺവീനർ)

ഭരണവിരുദ്ധ വികാരം അലയടിച്ചു

സർക്കാർ വിരുദ്ധതയും , ശബരിമല സ്വർണക്കൊള്ളയും വോട്ടർമാരെ നന്നായി സ്വാധീനിച്ചു. ജില്ലാ പഞ്ചായത്ത് 23 ഡിവിഷനുകളിൽ 16-17 ഡിവിഷൻ വരെ ലഭിക്കാമെന്നാണ് വിലയിരുത്തൽ. 71 ഗ്രാമപഞ്ചായത്തുകളിൽ 45 എണ്ണം വരെ ലഭിക്കാം. പതിനൊന്നിൽ പത്തു ബ്ലോക്ക് വരെ കിട്ടാം. ആറ് നഗരസഭകളിൽ അഞ്ചെണ്ണം ലഭിക്കാം. പാലാ നഗരസഭയിലും സ്ഥിതി മെച്ചപ്പെട്ടു. ബി.ജെ.പിയുടെ സ്വാധീനം ദോഷം ചെയ്യില്ല. കോൺഗ്രസ് വോട്ടിന് പകരം സി.പി.എം വോട്ടുകളാണ് ഇത്തവണ ബി.ജെ.പി പിടിക്കുക.

ഫിൽസൺ മാത്യൂസ് (യു.ഡി.എഫ് ജില്ലാ കൺവീനർ)

വൻമുന്നേറ്റമുണ്ടാക്കും

തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ബി.ജെ.പി വൻമുന്നേറ്റമുണ്ടാക്കുമെന്ന ശുഭപ്രതീക്ഷയാണുള്ളത്. 2020ൽ രണ്ട് പഞ്ചായത്തുകളിൽ മാത്രം വിജയിച്ചിടത്ത് കുറഞ്ഞത് പത്തു പഞ്ചായത്തുകളിലെങ്കിലും ഭരണം പിടിക്കുകയോ നിർണായക ശക്തിയോ ആയി മാറും. 23 ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ആറെണ്ണം വരെ ലഭിക്കാം. നഗരസഭകളിൽ വലിയ മുന്നേറ്റമുണ്ടാക്കും. ബ്ലോക്ക് പഞ്ചായത്തുകളിലും സ്ഥിതി മെച്ചപ്പെടുത്തും.

ലിജിൻ ലാൽ (ബി.ജെ.പി ജില്ലാ പ്രസിഡന്റ് )