നീലൂരിൽ ബി.ജെപി,സി.പി.എം സ്ഥാനാർത്ഥികൾ തമ്മിൽ സംഘർഷം 

Wednesday 10 December 2025 1:35 AM IST

കോട്ടയം: വോട്ടിംഗിനിടെ കടനാട് പഞ്ചായത്തിലെ നീലൂരിൽ ബി.ജെപി, സി.പി.എം സ്ഥാനാർത്ഥികൾ ഏറ്റുമുട്ടി. ഇന്നലെ വൈകിട്ട് 4.30 ഓടെ കടനാട് പഞ്ചായത്തിലെ മൂന്നാം വാർഡ് നീലൂർ സെന്റ് ജോസഫ് ഹൈസ്‌കൂൾ ബൂത്തിന് സമീപമായിരുന്നു സംഭവം. വോട്ട് ചെയ്ത് പുറത്തിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഇടതുപക്ഷ ജനാധിപത്യ സ്ഥാനാർത്ഥി ഷാന്റി ജോഷിയുമായി പള്ളിയുടെ നടയിൽ നിന്ന് സംസാരിക്കുന്നതിനിടെ ഇവിടേക്ക് എത്തിയ എൻ.ഡി.എ കടനാട് ബ്ലോക്ക് സ്ഥാനാർത്ഥി മുരളീധരൻ പള്ളി നടയിൽ വോട്ട് പിടിക്കുകയാണോ എന്ന തരത്തിൽ ചോദ്യം ചെയ്തു. തുടർന്ന് വാക്കേറ്റവും ഉന്തും തള്ളും നടന്നു. വിദ്യാർത്ഥിക്ക് മർദ്ദനമേറ്റെന്ന് ആരോപിച്ച് പാലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കൂടുതൽ പ്രവർത്തകർ എത്തിയെങ്കിലും പാലാ ഡിവൈ.എസ്.പി കെ.സദന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തി. സംഭവത്തെ തുടർന്ന്, ബി.ജെ.പി പ്രവർത്തകരും ഇടതുപക്ഷ പ്രവർത്തകരും മേലുകാവ് പൊലീസിൽ പരാതി നൽകി.