ഇത്തവണ പഞ്ചായത്ത് മെമ്പർ ആതിരയിൽ നിന്നും
Wednesday 10 December 2025 12:00 AM IST
ചേലക്കര: പങ്ങാരപ്പിള്ളി ആതിരയിൽ നിന്നും ഇത്തവണയും പഞ്ചായത്ത് മെമ്പർ ഉറപ്പ്. ഇവിടെനിന്നാണ് യു.ഡി.എഫിന്റേയും എൽ.ഡി.എഫിന്റേയും ബി.ജെ.പിയുടേയും ചേലക്കര പഞ്ചായത്ത് പത്താം വാർഡിലെ സ്ഥാനാർത്ഥികൾ. കക്ഷി രാഷ്ട്രീയത്തിന് അതീതമായി കഴിഞ്ഞ 43 വർഷമായി പ്രവർത്തിച്ചു വരുന്ന കലാ 'സാംസ്‌കാരിക സമിതിയിലെയും വായനശാലയിലേയും പ്രവർത്തകരാണ് സ്ഥാനാർത്ഥികൾ. യു.ഡി.എഫിന് പി.എ.അച്ചൻകുഞ്ഞും എൽ.ഡി.എഫിന് ഷാജി ആടു പാറയും ബി.ജെ.പിക്ക് സി. ദേവദാസുമാണ് മത്സരിക്കുന്നത്. കലാ സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമായി സമിതിയുടെ ആരംഭകാലം മുതലുള്ള സജീവ പ്രവർത്തകരാണിവർ. വിജയം ആർക്കൊപ്പം ആണെങ്കിലും സ്ഥാനാർത്ഥികളെ സംബന്ധിച്ച് സൗഹൃദത്തിനും കലാസമിതിയുടേയും വായനശലയുടേയും പ്രവർത്തനങ്ങൾക്കൊപ്പം ജനക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കാനും മൂവരും തയ്യാറാണ്.