കനാൽ കവിഞ്ഞൊഴുകി

Wednesday 10 December 2025 12:00 AM IST

കുട്ടനെല്ലൂർ: പീച്ചി ഡാമിൽ നിന്ന് കൃഷിയാവശ്യത്തിനായി വെള്ളം തുറന്ന് വിട്ട കനാൽ കവിഞ്ഞൊഴുകിയതിനെ തുടർന്ന് കുട്ടനെല്ലൂരിൽ നിരവധി വീടുകൾ വെള്ളക്കെട്ടിലായി. കോളേജ് റോഡ്, ശിവപുരി റോഡ്, നോബിൾ റോഡ് എന്നിവിടങ്ങളിലെ വീടുകളുടെ പരിസരമാണ് വെള്ളം നിറഞ്ഞ് ദുരിതത്തിലായത്. സെപ്ടിക് ടാങ്കുകളും ശുചിമുറി മലിനജലവും കനാൽ കവിഞ്ഞൊഴുകിയെത്തിയ വെള്ളത്തോടൊപ്പം കലർന്നതിനാൽ പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുന്നുണ്ട്. പടവരാട് ഭാഗത്തുള്ള കൃഷിയിടങ്ങളിലേക്കായാണ് നടത്തറ, കാച്ചേരി ഭാഗത്തെ കനാൽ വഴി വെള്ളം ഒഴുകിയെത്തുന്നത്. ഈ കനാൽ ഇരുവശത്തേയും ബണ്ടുകളുടെ ഉയരം കുറഞ്ഞ ഭാഗത്തുകൂടെയാണ് കവിഞ്ഞൊഴുകുന്നത്. കനാലിലെ തടസം നീക്കി ഒഴുക്ക് സുഗമമാക്കി പ്രശ്‌നം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.