പൗരത്വത്തിനും മുൻപേ വോട്ട്: സോണിയ ഗാന്ധിക്ക് നോട്ടീസ്

Wednesday 10 December 2025 12:19 AM IST

ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം നേടുന്നതിന് മുൻപ് വോട്ടർപ്പട്ടികയിൽ ഇടംപിടിച്ചെന്ന് ആരോപിച്ച ഹ‌ർജിയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് നോട്ടീസ് അയക്കാൻ ഉത്തരവ്. പൊതുപ്രവർത്തകനായ വികാസ് ത്രിപാഠിയുടെ ഹർജിയിലാണ് ഡൽഹി റൗസ് അവന്യു കോടതിയുടെ നടപടി. സോണിയക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ട ഹർജിയിൽ ഡൽഹി പൊലീസും നിലപാട് അറിയിക്കണം. 2026 ജനുവരി 6ന് വീണ്ടും പരിഗണിക്കും. നേരത്തെ അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി ഹർജി തള്ളിയിരുന്നു. തുടർന്നാണ് റൗസ് അവന്യു പ്രത്യേക കോടതിയെ സമീപിച്ചത്. 1983ലാണ് സോണിയക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത്. എന്നാൽ 1980ൽ ന്യൂഡൽഹി മണ്ഡലത്തിലെ വോട്ടർപ്പട്ടികയിൽ പേരു ചേർത്തുവെന്നാണ് ആരോപണം.