കോൺഗ്രസ്- സി.പി.എം സംഘർഷം; വിനോദ് വൈശാഖിക്കും മകനും പരിക്ക്
പൂവാർ: വോട്ടെടുപ്പിനിടെ കരുംകുളം ഗ്രാമപഞ്ചായത്തിലെ പുതിയതുറയിൽ കോൺഗ്രസ്- സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ മലയാളം മിഷൻ മുൻ ചെയർമാൻ വിനോദ് വൈശാഖിക്കും മകൻ നിരഞ്ജനും പരിക്കേറ്റു. ഇന്നലെ രാവിലെ 11 മണിയോടെ പുതിയതുറ സെന്റ് നിക്കോളാസ് ദേവാലയത്തിനു സമീപത്താണ് സംഘർഷമുണ്ടായത്. നിക്കോളാസ് കമ്മ്യൂണിറ്റി ഹാൾ നഴ്സറി ബൂത്തിൽ കന്യാസ്ത്രീകൾ വോട്ട് ചെയ്യാൻ വന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
നിക്കോളാസ് ദേവാലയത്തിന് മുന്നിൽ നിൽക്കുകയായിരുന്ന സി.പി.എം കോവളം ഏരിയ സെക്രട്ടറി അഡ്വ.അജിത്തിനെ കോൺഗ്രസ് നേതാക്കളായ പുഷ്പം സൈമൺ, അദ്ദേഹത്തിന്റെ അനുജനും സ്ഥാനാർത്ഥിയുമായ പുഷ്പം വിൻസന്റ്, സച്ചിൻ എന്നിവർ അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഈ സമയത്ത് പള്ളിയുടെ പടിക്കെട്ടിൽ നിൽക്കുകയായിരുന്ന സി.പി.എം കോവളം ഏരിയ കമ്മിറ്റി അംഗവും പോളിംഗ് ഏജന്റുമായ വിനോദ് വൈശാഖി തടയാൻ ശ്രമിക്കുകയും മൂവരും ചേർന്ന് മർദ്ദിക്കുകയുമായിരുന്നു. ചോദ്യം ചെയ്ത മകൻ നിരഞ്ജനേയും മർദ്ദിച്ചു. ഇരുവർക്കും തലയ്ക്കും ദേഹത്തും പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞദിവസം റിബൽ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചെന്ന പേരിൽ 2 സേവ് കോൺഗ്രസ് നേതാക്കൾക്കെതിരെ വധഭീഷണി മുഴുകിയ സംഭവത്തിന് പിന്നിലും ഈ കോൺഗ്രസ് നേതാക്കളാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രിക്കും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയെന്ന് വിനോദ് വൈശാഖി പറഞ്ഞു.