നന്ദാവനം റോഡിലെ പൈപ്പ് പണി ഇന്ന്; ജലവിതരണം മുടങ്ങും

Wednesday 10 December 2025 4:48 AM IST

തിരുവനന്തപുരം: നന്ദാവനത്ത് പൈപ്പ് പൊട്ടൽ പ്രശ്നം പരിഹരിക്കാനുള്ള അറ്റകുറ്റപ്പണി ഇന്ന് നടത്തും. ഇതിന്റെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റ് അടക്കമുള്ള പ്രധാന കേന്ദ്രങ്ങളിലും വാർഡുകളിലും ഇന്ന് രാവിലെ 7 മുതൽ രാത്രി 7 വരെ ജലവിതരണം മുടങ്ങും. നന്ദാവനത്ത് വീണ്ടും പൈപ്പ് പൊട്ടി വെള്ളമൊഴുകി പാഴാകുന്നത് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

നന്ദാവനം എക്സൈസ് കമ്മിഷണർ ഓഫീസ് പരിസരത്തും വാൻറോസ് ജംഗ്ഷനിലുള്ള 315 എം.എം എച്ച്.ഡി.പി.ഇ പൈപ്പ്ലൈനിലുമാണ് പൊട്ടലും ചോർച്ചയും കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കണ്ടെത്തിയ നാലാമത്തെ പൊട്ടലാണിത്. വെള്ളയമ്പലം ഒബ്സർവേറ്ററി ഹില്ലിൽ നിന്ന് ആയു‌ർവേദ കോളേജ് വഴിയുള്ള പ്രധാന പൈപ്പ് കാലപ്പഴക്കമേറിയതുമൂലമാണ് അടിക്കടി പൊട്ടലും ചോർച്ചയുമുണ്ടാകുന്നത്.

ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങൾ

ഇന്ന് നടത്തുന്ന അറ്റകുറ്റപ്പണിയുടെ പശ്ചാത്തലത്തിൽ നന്ദാവനം, ബേക്കറി, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, ഗാന്ധാരി അമ്മൻകോവിൽ റോഡ്, മേലേതമ്പാനൂർ, ആയുർവേദ കോളേജ്, കുന്നുംപുറം, അംബുജവിലാസം റോഡ്, സ്റ്റാച്യു, പുളിമൂട് എന്നിവിടങ്ങളിലെ ജലവിതരണമാണ് മുടങ്ങുക.