വോട്ടെടുപ്പിനിടെ ഭീഷണി, ആക്രമണം

Wednesday 10 December 2025 12:05 AM IST

ആലപ്പുഴ: അസാധാരണ വൈകല്യങ്ങളോടെ പിറന്ന കുഞ്ഞിന്റെ രക്ഷിതാക്കൾക്ക് നേരെ സ്ഥാനാർത്ഥി ഭീഷണി മുഴക്കിയതും ഹരിപ്പാട് സി.പി.എം സ്ഥാനാർത്ഥിയുടെ ഭർത്താവിനെ ബി.ജെ.പി പ്രവർത്തകൻ ഹെൽമറ്റിന് തലയ്ക്കടിച്ചതുമുൾപ്പടെ വോട്ടെടുപ്പ് ദിനത്തിൽ ജില്ലയിൽ അങ്ങിങ്ങ് അനിഷ്ട സംഭവങ്ങൾ അരങ്ങേറി​.

കുട്ടിയുടെ വൈകല്യങ്ങൾ യഥാസമയം തിരിച്ചറിയാതിരുന്ന ഡോക്ടർമാക്കെതിരെ നിയമനടപടി സ്വീകരിക്കാത്ത സർക്കാർ നടപടിയെ വിമർശിച്ചുകൊണ്ട് കുട്ടി​യുടെ പിതാവ് അനീഷ് മുഹമ്മദ് ലജ്നത്ത് വാർഡിലെ ഇടത് സ്ഥാനാർത്ഥിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ കമന്റിട്ടിരുന്നു. ഇന്നലെ പോളിംഗ് ബൂത്തിലെത്തിയ അനീഷിനെയും ഭാര്യയെയും എൽ.ഡി.എഫ് സ്ഥാനാർഥി മുഹമ്മദ് ഷിറാസ് ഭീഷണിപ്പെടുത്തിയതായും, കാറിലെത്തിയ നാലംഗ സംഘം വീടിന് മുന്നിലെത്തി ഭീഷണി മുഴക്കിയതായും അനീഷ് മുഹമ്മദ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

ഹരിപ്പാട് നഗരസഭ ഇരുപത്തിമൂന്നാം വാർഡി​ലെ സി.പി.എം സ്ഥാനാർത്ഥി രമ്യയുടെ ഭർത്താവിനെ ബി.ജെ.പി പ്രവർത്തകനായ പ്രവീൺ ഹെൽമറ്റിന് അടിച്ചു പരിക്കേൽപ്പിച്ചു. സംഭവം കണ്ടു നിന്ന രമ്യ കുഴഞ്ഞു വീണു.

ആലപ്പുഴ നഗരസഭ ലജ്നത്ത് വാർഡിൽ പി.ഡി.പി സ്ഥാനാർത്ഥിയുടെ സഹായിയെ സി.പി.എം പ്രവർത്തകൻ വീട്ടിൽ കയറി മർദ്ദിച്ചതായി ആരോപണമുണ്ട്. അർത്തുങ്കൽ ആയിരംതൈ ബൂത്തിൽ യു.ഡി.എഫ് ബൂത്ത് ഏജന്റായ ആഷ്‌ലിയെ സി.പി.എം പ്രാദേശിക നേതാക്കൾ മർദ്ദിച്ചു. ചെട്ടികുളങ്ങര പഞ്ചായത്ത് പതിമൂന്നാം വാർഡിൽ സി.പി.എം പ്രവർത്തകൻ പ്രമോദിനെ ബി.ജെ.പി പ്രവർത്തകരായ രാകേശ്. രാഹുൽ, ശരത് എന്നിവർ ചേർന്ന് മർദ്ദിച്ചു കൈയ്യൊടിച്ചെന്ന് പരാതി​യുണ്ട്. പ്രമോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തിയൂർ പഞ്ചായത്ത് ആറാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി അനിൽകുമാറിനെ മർദ്ദിച്ച കോൺഗ്രസ് പ്രവർത്തകൻ രാധാകൃഷ്ണനെ കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു. പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡിലെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് വാർഡ് സെക്രട്ടറി അഹമ്മദ് കുഞ്ഞിനെ ബി.ജെ.പിക്കാർ ഹെൽമറ്റിനടിച്ചതായി പരാതിയുണ്ട്.